മലപ്പുറം: കെസ്വിഫ്‌റ്റ് ബസിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരം. യുവതിയെ കുത്തി പരിക്കേൽപ്പിച്ചതിന് ശേഷമാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് മലപ്പുറം വെന്നിയൂരിന് സമീപം എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്.
വയനാട് സ്വദേശിയായ സനിൽ ആണ് യാത്രക്കാരിയായ ഗൂഡല്ലൂർ സ്വദേശിനിയായ യുവതിയെ കുത്തി പരിക്കേല്പിച്ചത്. തുടർന്ന് യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. സനിലിനെയും യുവതിയെയും ആദ്യം തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവതി അങ്കമാലിയിൽ നിന്നാണ് ബസ്സിൽ യാത്ര തിരിച്ചത്. യുവാവ് മലപ്പുറം എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്. ഇരുവരും വയനാട് സുൽത്താൻ ബത്തേരിയിലേക്ക് ആയിരുന്നു ടിക്കറ്റ് എടുത്തിരുന്നത്.

