Sunday, December 14, 2025

ബ്ലാസ്റ്റേഴ്‌സിലെ ഇഷ്ഫാഖ് യുഗം അവസാനിച്ചു; സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ക്ലബ്ബ് വിട്ടതായി അറിയിച്ചു. ഇഷ്ഫാഖുമായുള്ള കരാര്‍ അവസാനിച്ചതായി ക്ലബ്ബ് ചൊവ്വാഴ്ച ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കരാർ പുതുക്കാത്തതോടെ ക്ലബും ഇഷ്ഫാഖും വെവ്വേറെ വഴികളിലായിട്ടാകും സഞ്ചരിക്കുക എന്നുറപ്പായി. കഴിഞ്ഞ നാല് വര്‍ഷമായി ബ്ലാസ്‌റ്റേഴ്‌സിന്റെ സഹപരിശീലകനാണ്.

മൂന്ന് വര്‍ഷം ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടിയ ശേഷമാണ് ഇഷ്ഫാഖ് ടീമിന്റെ സഹ പരിശീലകന്റെ കുപ്പായമണിഞ്ഞത്.

”കഴിഞ്ഞ 4 വര്‍ഷമായി ഒരു അസിസ്റ്റന്റ് കോച്ചെന്ന നിലയില്‍ ടീമിനോട് കാണിച്ച കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഇഷ്ഫാഖിനോട് പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആഗ്രഹിക്കുന്നു. ആദ്യം ഒരു കളിക്കാരന്‍ എന്ന നിലയിലും പിന്നീട് കോച്ച് എന്ന സ്ഥാനം വഹിച്ചുകൊണ്ടും കാണിച്ച കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ക്ലബ്ബിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം സവിശേഷമാക്കി നിലനിര്‍ത്തും. കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായി ക്ലബ്ബ് അദ്ദേഹത്തെ എപ്പോഴും ഇരു കൈകളും നീട്ടി സ്വീകരിക്കും. ഇഷ്ഫാഖിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് എല്ലാവിധ ആശംസകളും നേരുന്നു.” – ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. പുതിയ സഹപരിശീലകനെ ഉടന്‍ തീരുമാനിക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

Related Articles

Latest Articles