ടെഹ്‌റാൻ : ഇന്ത്യൻ തീരത്ത് കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ആർക്കും നല്ലതിനല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ സമീപ പ്രദേശങ്ങളിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഇത്തരം ഭീഷണികൾ ഇന്ത്യയുടെ ഊർജ, സാമ്പത്തിക താൽപ്പര്യങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും എസ് ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യൻ മഹാസമുദ്രത്തിലും, ചെങ്കടൽ മേഖലയിലും ഇസ്രായേൽ ലക്ഷ്യമാക്കി പോകുന്ന ചരക്കു കപ്പലുകളും മറ്റും ഇറാൻ പിന്തുണയുള്ള യമനി വിമത ഗ്രൂപ്പ് ആയ ഹൂതികൾ ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. ഇറാൻ സന്ദർശനത്തിനിടെ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിച്ച ജയശങ്കർ, പശ്ചിമേഷ്യയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളിൽ ഇരു രാജ്യങ്ങൾക്കും ആശങ്കയുണ്ടെന്നും വ്യക്തമാക്കി. കാര്യങ്ങൾ കൈവിട്ടു പോകുന്നതിനോട് ആർക്കും താല്പര്യമില്ലെന്നും എന്നാൽ ഇന്ത്യക്ക് ദീർഘകാലമായി നിലനിൽക്കുന്നതും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ പറ്റാത്തതുമായ നിലപാട് തീവ്രവാദത്തിനെതിരെയുമുണ്ട്. ഗാസയിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ആശങ്കയുണ്ടെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.

