കൊല്‍ക്കത്ത: രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ അമ്മ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുമെന്ന് ഷെയ്ഖ് ഹസീനയുടെ മകനും അവാമി ലീഗ് നേതാവുമായ സജീബ് വാസിദ്. വിരമിച്ച രാഷ്ട്രീയക്കാരിയായാണോ രാജ്യത്തേക്ക് തിരിച്ചെത്തുകയെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സജീബ് പറഞ്ഞു.
ബംഗ്ലാദേശിലെ പഴക്കമേറിയ പാര്‍ട്ടിയാണ് അവാമി ലീഗ്. ജനങ്ങളെ പൂര്‍ണ്ണമായി ഉപേക്ഷിച്ച് പോകാന്‍ തങ്ങള്‍ക്കാകില്ല. അവാമി ലീഗിനെ ഒഴിവാക്കി രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യം സാധ്യമല്ല. ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് യൂനുസ്, ഐക്യത്തിന്റെ സര്‍ക്കാരാണ് വേണ്ടതെന്നും പോയകാലത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നുമുള്ള അദ്ദേഹത്തിന്റെ തന്നെ വാക്കുകളോട് നീതി പുലര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സബീജ് പ്രതീക്ഷ പ്രകടിപ്പിച്ചു.
തങ്ങളുടെ പാര്‍ട്ടിക്കാരെ വെറുതെ വിടുമെന്ന പ്രതീക്ഷയിലാണ് അമ്മ രാജ്യംവിട്ടത്. എന്നാല്‍ അവര്‍ ആക്രമിക്കുന്നത് തുടര്‍ന്നു. ബംഗ്ലാദേശിനേയും അവാമി ലീഗിനേയും സംരക്ഷിക്കാന്‍ താന്‍ ഏതറ്റവരേയും പോകും. അപകടഘട്ടത്തില്‍ ജനങ്ങളെ മുജീബുര്‍ റഹ്‌മാന്‍ കുടുംബം തനിച്ചാക്കില്ലെന്നും, സജീബും സഹോദരിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുമോയെന്ന ചോദ്യത്തോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഇടപെടലുണ്ടെന്നാണ് സാഹചര്യത്തെളിവുകളില്‍നിന്ന് താന്‍ സംശയിക്കുന്നത്. ആക്രമണങ്ങളും പ്രക്ഷോഭവും ആസൂത്രിതമായിരുന്നു. പ്രക്ഷോഭം ആളിക്കത്തിക്കാന്‍ സാമൂഹികമാദ്ധ്യമങ്ങള്‍ വഴി ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്നും സജീബ് ആരോപിച്ചു.
‘അമ്മയെ സംരക്ഷിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എനിക്ക് ഹൃദയംഗമമായ നന്ദിയുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

