കോഴിക്കോട് : നഗര മധ്യത്തിൽ 15കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളികളായ പ്രതികൾ കസ്റ്റഡിയിൽ. ബിഹാർ കിഷൻഗഞ്ച് സ്വദേശികളായ ഇമാൻ അലി, ഫൈസാൻ അൻവർ എന്നിവരെയാണ് കസബ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതികൾ ചെറിയ ഇടവഴിയിലേക്ക് വലിച്ചിഴയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി അലറി വിളിച്ച് കുതറി ഓടുകയായിരുന്നു.
കഴിഞ്ഞ തിങ്കളാള്ച വൈകുന്നേരം ഏഴരയോടെയാണ് ചാലപ്പുറത്തായിരുന്നു സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം പോലും പുറത്ത് കേൾക്കാതിരിക്കാൻ ഇടവഴിയിലേക്ക് പെൺകട്ടിയെ കൊണ്ടുപോകാൻ പ്രതികൾ ശ്രമിച്ചു.
ഇതിനിടെ പ്രതികളിൽ ഒരാളുടെ ചെരിപ്പ് ഊരിപ്പോയിരുന്നു. ഇതാണ് കേസിൽ നിർണായകമായത്, ചെരുപ്പിൽ സിമന്റ് ഒട്ടിപ്പിടിച്ചിരുന്നു. ഇതോടെ കെട്ടിട നിർമ്മാണ തൊഴിലാളിയാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചു. പിന്നാലെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ക്യാമ്പുകളിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടുകയായിരുന്നു.

