Saturday, December 20, 2025

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; അനുശാന്തിക്ക് ജാമ്യം അനുവദിച്ചത് ശിക്ഷ താത്കാലികമായി മരവിപ്പിച്ച് ; വിധി പകര്‍പ്പ് പുറത്ത്

ദില്ലി : കോളിളക്കമുണ്ടാക്കിയ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ രണ്ടാം പ്രതി അനുശാന്തിയ്ക്ക് ജാമ്യം നൽകികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് പുറത്ത് വന്നു. അനുശാന്തിയുടെ ശിക്ഷ താൽകാലികമായി മരവിപ്പിച്ചുകൊണ്ടാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചത്. ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന പ്രതിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. അതേസമയം ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാം. ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാൽ, ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി പറഞ്ഞു.

ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി രാവിലെ അനുശാന്തിക്ക് ജാമ്യം അനുവദിച്ചത്. ഇതുസംബന്ധിച്ച ഉത്തരവിലാണ് ശിക്ഷ താൽകാലിമായി മരവിപ്പിച്ചുവെന്നും വ്യക്തമാക്കുന്നത്.

നേരത്തെ കണ്ണിന്‍റെ ചികിത്സയ്ക്കായി അനുശാന്തിക്ക് സുപ്രീംകോടതി രണ്ടുമാസത്തെ പരോള്‍ അനുവദിച്ചിരുന്നു. അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യു അനുശാന്തിയുടെ മൂന്നര വയസായ മകളെയും ഭര്‍തൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്. 2014 ഏപ്രില്‍ 16നായിരുന്നു സംഭവം. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധ ശിക്ഷ 25 വര്‍ഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു.

Related Articles

Latest Articles