Sunday, December 14, 2025

ആഗസ്റ്റ് 11 !! നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു ! പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ നിയോഗിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ദില്ലി: നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 നാണ് പരീക്ഷ നടക്കുക. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമായത്.

കഴിഞ്ഞ മാസം 23നായിരുന്നു മെഡിക്കൽ പി.ജി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള നീറ്റ് പി.ജി പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ നീറ്റ് യു.ജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള വിവാദങ്ങളെ തുടർന്ന് പി.ജി പരീക്ഷ മാറ്റിവെക്കുകയായിരുന്നു. പരീക്ഷ നടക്കുന്നതിന് തൊട്ടു മുമ്പാണ് എൻ.ടി.എ ഇക്കാര്യം അറിയിച്ചത്.

അതേസമയം, നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്ന സാഹചര്യത്തിൽ പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

Related Articles

Latest Articles