ദുബായ്: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 265 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 264 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റർ അലക്‌സ് കാരി എന്നിവരുടെ അർധ സെഞ്ചുറികളാണ് ഓസ്‌ട്രേലിയയ്ക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.96 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 73 റണ്‍സെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 57 പന്തുകള്‍ നേരിട്ട കാരി ഒരു സിക്‌സും എട്ട് ഫോറുമടക്കം 61 റണ്‍സെടുത്ത് റണ്ണൗട്ടായി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ കൂപ്പര്‍ കൊന്നോലിയെ (0) നഷ്ടമായി. പിന്നാലെ 33 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്ത ട്രാവിസ് ഹെഡ് വരുൺ ചക്രവർത്തിയുടെ പന്തിൽ ഗില്ലിന് പിടികൊടുത്ത് മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സ്മിത്ത് – ലബുഷെയ്ന്‍ സഖ്യം 56 റണ്‍സ് ചേര്‍ത്ത് ഓസീസ് ഇന്നിങ്സ് ട്രാക്കിലാക്കി. പിന്നാലെ ലബുഷെയ്നെ വിക്കറ്റിനു മുന്നില്‍ കുടുക്കി രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 36 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 29 റണ്‍സെടുത്താണ് താരം പുറത്തായത്. വൈകാതെ 12 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ഇംഗ്ലിസിനെയും ജഡേജ മടക്കി.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ അലക്‌സ് കാരിയെ കൂട്ടുപിടിച്ച് സ്മിത്ത് 54 റണ്‍സ് ചേര്‍ത്തു. കാ ഇതിനിടെ 37-ാം ഓവറില്‍ സ്മിത്തിനെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്നെത്തിയ വമ്പനടിക്കാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (7) നിലയുറപ്പിക്കും മുമ്പേ അക്ഷര്‍ പട്ടേല്‍ മടക്കി. പിന്നീട് ക്രീസിലെത്തിയ ബെന്‍ ഡ്വാര്‍ഷ്യൂസിനെ കൂട്ടുപിടിച്ച് കാരി ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. 46-ാം ഓവറില്‍ ഡ്വാര്‍ഷ്യൂസിനെ (29 പന്തില്‍ 19) വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. പിന്നാലെ 48-ാം ഓവറില്‍ കാരി റണ്ണൗട്ടായി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

