Saturday, December 13, 2025

സ്‌കൂള്‍ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; മരണം രണ്ടായി, നാലുവയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട : സ്‌കൂള്‍ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം രണ്ടായി. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി തൂമ്പാക്കുളം സ്വദേശിനി ആദിലക്ഷ്മി(7) യദുകൃഷ്ണന്‍(4) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് കോന്നി തേക്കുതോട് തൂമ്പാക്കുളത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞത്. റോഡില്‍ പാമ്പിനെ കണ്ടപ്പോള്‍ അതിന് മുകളിലൂടെ കയറാതിരിക്കാനായി ഓട്ടോ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് കരുതുന്നത്.

അപകടത്തിൽ എട്ട് വയസുകാരി മാത്രമാണ് മരണപ്പെട്ടത് എന്ന വിവരമാണ് ആദ്യം പുറത്തു വന്നത്. പരിക്കേറ്റ മറ്റുകുട്ടികളെയും ഡ്രൈവറെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഓട്ടോയിൽ അഞ്ച് കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നായിരുന്നു രക്ഷാപ്രവർത്തകരും കരുതിയത്. പിന്നാലെയാണ് ഓട്ടോയിൽ നാല് വയസുകാരൻ കൂടി ഉണ്ടായിരുന്നതായി സംശയമുയര്‍ന്നത്. തുടർന്ന് നടത്തിയ രാത്രി എട്ടേകാലോടെയാണ് തോട്ടിൽനിന്ന് യദുകൃഷ്ണൻ്റെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Latest Articles