ബെംഗളൂരു: ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റതിന് പിന്നാലെ ഗോവ മുന്‍ എംഎല്‍എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണ് മരിച്ചു. കർണ്ണാടകയിലെ ബെല്‍ഗാവിയില്‍ ഇന്നുച്ചയോടെയായിരുന്നു സംഭവം. താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മംലേദറുടെ കാര്‍ എതിരെ വന്ന ഓട്ടോറിക്ഷയില്‍ തട്ടിയിരുന്നു. ഇതോടെ ഓട്ടോറിക്ഷ ഡ്രൈവറും മംലേദറും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടെ ഓട്ടോ ഡ്രൈവര്‍ പലതവണ മംലേദറിനെ മർദ്ദിച്ചു. സംഭവത്തിന് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ മംലേദര്‍ കോണിപ്പടിക്ക് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവര്‍ മുജാഹിദ് ഷക്കീൽ സനദിയെ ബെല്‍ഗാവി പോലീസ് കസ്റ്റഡിയിലെടുത്തു.
മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ എംഎല്‍എ ആയിരുന്നു മംലേദാര്‍. 2012 മുതല്‍ 2017 വരെ ഗോവയിലെ പോണ്ട നിയോജകമണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. 2017 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്തായ മംലേദാര്‍. 2021-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒരു മാസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടു. 2022 ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു.

