തിരുവനന്തപുരം : പിണറായി വിജയനും എം കെ സ്റ്റാലിനും ഹിന്ദുക്കളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞാല്‍ മാത്രമേ അവര്‍ക്ക് അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പഭക്തരുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്താല്‍ തടയുമെന്ന് ഇവര്‍ രണ്ടുപേരും വര്‍ഷങ്ങളായി ശബരിമലയെയും അയ്യപ്പഭക്തരെയും ഹൈന്ദവ വിശ്വാസത്തെയും തകര്‍ക്കാനും അപമാനിക്കാനും നിരവധി നടപടികള്‍ ചെയ്തവരാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.സെപ്റ്റംബര്‍ ഇരുപതാം തീയതി പമ്പാതീരത്താണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് സംഗമത്തിലെ മുഖ്യാതിഥി. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
“പിണറായി വിജയന്‍ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ചു, അവര്‍ക്കെതിരേ കേസെടുത്തു. പോലീസ് അതിക്രമം അഴിച്ചുവിട്ടു. ശബരിമലയുടെ ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം ചെയ്തു. സ്റ്റാലിനും അദ്ദേഹത്തിന്റെ മകനും ഹിന്ദുക്കളെ ആവര്‍ത്തിച്ച് അപമാനിക്കുകയും ഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറഞ്ഞവരുമാണ്. ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. ഇത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ല.
അതുകൊണ്ട് തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഎം സര്‍ക്കാര്‍ ‘അയ്യപ്പസംഗമം’ ആഘോഷിക്കുന്നത് നാടകവും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള തന്ത്രത്തിന്റെ ഭാഗവുമാണ്. പിണറായിയും സ്റ്റാലിനും ഒരു കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഹിന്ദുക്കളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞാല്‍ മാത്രമേ അവര്‍ക്ക് അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. പിണറായി വിജയന്‍ എല്ലാ കേസുകളും പിന്‍വലിക്കുകയും ശബരിമലയുടെ ആചാരങ്ങള്‍ ലംഘിച്ചതിന് അയ്യപ്പനോട് മാപ്പ് അപേക്ഷിക്കുകയും വേണം. സ്റ്റാലിനും മകന്‍ ഉദയനിധിയും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

