Saturday, December 27, 2025

അയ്യപ്പനെ കണ്ടെത്തുകയല്ല അനുഭവിക്കുകയാണ് വേണ്ടത് ;മണികണ്ഠനെന്നാൽ വിശുദ്ധിയുടെ അധിപൻ മഹാസത്രവേദിയിൽ പ്രൊഫ: വി റ്റി രമ

റാന്നി: എല്ലാ സങ്കല്പങ്ങളും ഈശ്വരനെ തേടി പോകുമ്പോൾ ശബരിമലയിൽ ഓരോ ഭക്തനും ഈശ്വരനെ അനുഭവിക്കുകയാണെന്നു പ്രൊഫ: വി റ്റി രമ. മണികണ്ഠനെന്നാൽ വിശുദ്ധിയുടെ അധിപൻ എന്നാണ് മനസ്സിലാക്കേണ്ടത്. ഞാനും ദൈവവും രണ്ടല്ല ഒന്നാണ് എന്ന് പഠിപ്പിക്കുന്ന ഒരാചാര പദ്ധതിയാണ് അയ്യപ്പൻ. ദ്വന്ദങ്ങളുടെ സമ്മിശ്രമാണ് നമ്മളും പ്രകൃതിയും. ഈശ്വരൻ എന്നെക്കാൾ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന വ്യക്തിയോ സങ്കല്പമോ സത്യമോ ആണെന്ന തോന്നലാണ് മനുഷ്യൻ വച്ചുപുലർത്തുന്നത്.

അയ്യപ്പൻ ഏറ്റവും മുകളിലുള്ള മലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ആ മുകളിലേക്കെത്തി പ്രതിഷ്ഠിക്കപ്പെടേണ്ടത് നാമോരോരുത്തരും തന്നെയാണെന്നാണ് അയ്യപ്പ ധർമം പഠിപ്പിക്കുന്നത്. അതാണ് തത്വമസി എന്ന മഹാ വാക്യം കൊണ്ട് ഉദ്ദേശിക്കുന്നത്.ഭാരതം ലോകത്തിനു മുന്നോട്ടു വച്ച ആശയം ലോകം ഏറ്റെടുത്തിരിക്കുകയാണ്. വസുദൈവകുടുംബകം എന്ന ആശയം ഏറ്റെടുത്താണ് ജി – 20 രാജ്യങ്ങളുടെ കൂട്ടായ്മ മുന്നേറാൻ ആരംഭിക്കുന്നത്. അതിനു നേതൃത്വം കൊടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി അതിന്റെ നായകനായി. ഷഡാധാര സംബന്ധിയായ ഹൈന്ദവ ദർശനങ്ങൾ പല രീതിയിൽ ശബരിമലയിലെ ആചാരങ്ങളിൽ കാണാം.

ധർമത്തിന്റെ പശുവിൻ പാൽ തന്റെ മാതൃത്വത്തിനു നൽകുന്ന കലിയുഗ ശക്തിയാണ് അയ്യപ്പൻ. അയ്യപ്പ സത്രം ദൈവാനുഭവത്തിന്റെ ഇടമാണ്. ധർമത്തിന്റെ രക്തസാക്ഷികൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. ധര്മത്തിനായി വാളെടുക്കുന്നത് തെറ്റല്ല. സത്ര സപ്‌താഹ വേദികളിൽ ഭക്തരുടെ പങ്കാളിത്ത്വം ഏറി വരുന്നത് ആശ്വാസകരമാണെന്നും വി റ്റി രമ പറഞ്ഞു. അയിരൂർ ജ്ഞാനാന്ദാശ്രമം ദേവി സംഗമേശാനന്ദ സരസ്വതി, രമാ ദേവി ഗോവിന്ദ വാര്യർ, ശ്രീകുമാരിയമ്മ, ഡോക്ടർ ഗീത, സിമി ഹരികുമാർ, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Latest Articles