തിരുവനന്തപുരം : ദളിത് നേതാവ് ആയിട്ടല്ല മറിച്ച് രാഷ്ട്രഗുരുവായാണ് ഡോ. ബി ആര്‍ അംബേദ്കറെ കാണേണ്ടതെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. അംബേദ്കറിന്‍റെ സംഭാവനകള്‍ ഭാരത്‌രത്‌നയ്ക്കും മുകളിലാണെന്നും എല്ലാവരും അംബേദ്കറുടെ ആത്മകഥ വായിക്കണമെന്നും ബാബാ സാഹിബ് അംബേദ്കര്‍ വിശ്വ രത്‌നമായി അടയാളപ്പെടുത്തേണ്ട ആളാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ദളിത് പ്രോഗ്രസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സംവരണം ഒരാളുടെയും അവസരങ്ങള്‍ ഇല്ലാതാക്കാനല്ല. സമൂഹത്തില്‍ പരിഗണന ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം വേണ്ടതില്ല. സ്വാതന്ത്ര്യത്തിന് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം കോണ്‍ഗ്രസ് സംഘടിപ്പിക്കേണ്ടിവരുന്നു. ഇത് നാം ഇത്രയും കാലം തെറ്റായാണ് ചിന്തിച്ചിരുന്നതെന്ന് തെളിയിക്കുന്നു. എസ്‌സി, എസ്ടി വിഭാഗങ്ങളുടെ വികസനത്തിന് നാം എന്ത് ചെയ്തു എന്നത് പരിശോധിക്കണം.
ദളിതരല്ലാത്തവരുടെ മനോനിലയില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ട്. സമ്പത്ത് ഉണ്ടായാലും ദളിതർക്ക് സമൂഹത്തില്‍ ലഭിക്കേണ്ട മാന്യത ലഭിക്കാത്ത സാഹചര്യമാണ്. ഇത് ദളിതർ അല്ലാത്തവരുടെ മനോനിലയുടെ പ്രശ്‌നമാണ്. നിയമപരവും ഭരണഘടനാപരവുമായ പ്രശ്‌നങ്ങള്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ ആദ്യം മാറേണ്ടത് മനുഷ്യന്റെ മനസാണ്.”- ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു.

