Friday, December 19, 2025

കോഴിക്കെതിരെ കേസ്!! പിഞ്ചുകുഞ്ഞിനെ കൊത്തി പരിക്കേൽപിച്ച് കോഴി: കേസ് കൊടുത്ത് കുട്ടിയുടെ മുത്തച്ഛൻ, പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

എറണാകുളം: പിഞ്ചുകുഞ്ഞിനെ കൊത്തി പരുക്കേൽപ്പിച്ച പൂവൻ കോഴിയുടെ ഉടമയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിൽ ഐപിസി സെക്ഷൻ 324 വകുപ്പ് പ്രകാരം കേസെടുത്തതായി ഏലൂർ പൊലീസ് അറിയിച്ചു. എറണാകുളം മഞ്ഞുമ്മലിൽ മുട്ടാർ കടവു റോഡിലാണ് സംഭവം.

കോഴി മുൻപും സമാനമായ രീതിയിൽ ആക്രമം നടത്തിയിട്ടുണ്ടെന്നും വീട്ടു മുറ്റത്തു നിൽക്കുന്ന മുതിർന്നവരെ പോലും ആക്രമിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഈ വിവരം കോഴിയുടെ ഉടമയെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം. മഞ്ഞുമ്മൽ സ്വദേശിയായ പരാതിക്കാരനെ കാണാൻ ആലുവയിൽ നിന്നും മകളും കുടുംബവും എത്തിയിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ ആണ് പൂവൻ കോഴി ആക്രമിച്ചത്. കുട്ടിയുടെ കണ്ണിന് സമീപവും കവിളിലും ചെവിക്ക് പിന്നിലും കോഴി കൊത്തി.

ആഴത്തിൽ പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.കണ്ണിന് സമീപത്തായി ഉണ്ടായ മുറിവ് കുട്ടിയുടെ കാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. അഞ്ച് ദിവസത്തിന് ശേഷം ഇന്നലെയാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

Latest Articles