ബർമിംഗ്ഹാം : ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റിന് ഏതാനും മാത്രം മണിക്കൂറുകൾ ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം ദുരൂഹ സാഹചര്യത്തിൽ ഒരു ബാഗ് കണ്ടെത്തിയത് ആശങ്ക പരത്തി. ഹോട്ടലിന് സമീപമുള്ള സെന്റിനറി സ്‌ക്വയറിലാണ് ഇന്നലെ ബാഗ് കണ്ടെത്തിയത്. ഇതോടെ ഹോട്ടലിനുള്ളിൽ തന്നെ തുടരാൻ ടീമിനോട് ആവശ്യപ്പെട്ടു. ബർമിംഗ്ഹാം സിറ്റി സെന്റർ പോലീസിന്റെ അറിയിപ്പിനെ തുടർന്ന് കളിക്കാർ പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടതായി ബിസിസിഐ സ്ഥിരീകരിച്ചു.
സാധാരണയായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ടീം, തങ്ങൾ താമസിക്കുന്ന ഹോട്ടലിനടുത്തുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നത് പതിവാണ്.
ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഉൾപ്പെടെ എട്ട് കളിക്കാർ തിങ്കളാഴ്ച എഡ്ജ്ബാസ്റ്റണിൽ മത്സരത്തിന് മുന്നോടിയായി പരിശീലനത്തിനായി എത്തിയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അറിയിപ്പ് ലഭിച്ചതെന്നും മുൻകരുതലായി നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. എങ്കിലും വിശദമായ പരിശോധനയ്ക്ക് ശേഷം ഒരു മണിക്കൂറിനുള്ളിൽ പോലീസ് വലയം നീക്കി. ബാഗിനുള്ളിൽ എന്തായിരുന്നുവെന്ന വിവരം പോലീസ് പുറത്തു വിട്ടില്ല.

