Sunday, December 14, 2025

ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി! അതിർത്തി വേലി ആരോപണത്തിൽ പ്രതിഷേധം അറിയിച്ച് ഭാരതം

ദില്ലി : അതിർത്തിയിൽ വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉന്നയിക്കുന്ന ആരോപണത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഭാരതം. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ വിഷയത്തിൽ അതൃപ്തി അറിയിച്ചത്. 4,156 കിലോമീറ്റര്‍ ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഞ്ച് പ്രത്യേക സ്ഥലങ്ങളില്‍ വേലി നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നായിരുന്നു ബംഗ്ലാദേശിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ്, ഇന്ത്യന്‍ ഹൈക്കമ്മീഷണർ പ്രണോയ് വർമ്മയെ ഇന്നലെ വിളിച്ചുവരുത്തിയിരുന്നു. പിന്നാലെയാണ് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്. പശ്ചിമ ബംഗാളിലെ മാൾഡ അതിർത്തിയിൽ ബംഗ്ലാദേശിൽ നിന്നുള്ള മയക്കുമരുന്ന് സംഘത്തിന് നേരെ ബി എസ്‌ എഫ്‌ വെടിയുതിർത്ത സംഭവത്തോടെയാണ് വേലികെട്ടാനുള്ള നീക്കം ഇന്ത്യ സജീവമാക്കിയത്. കള്ളക്കടത്ത് അടക്കം ചെറുക്കാൻ അതിർത്തിയിൽ വേലികെട്ടുന്നത് ഇന്നലെ ചർച്ചയായി എന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണോയ് വർമ പ്രതികരിച്ചിരുന്നു. ഇന്ത്യ ബംഗ്ളാദേശ് അതിർത്തിയിൽ ആയിരം കിലോമീറ്ററിനടുത്താണ് ഇനി വേലി കെട്ടാനുള്ളത്.

അതേസമയം ബംഗ്ലാദേശ് അതിർത്തിയിൽ മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും ബംഗ്ലാദേശുമായി മികച്ച സൈനിക സഹകരണമുണ്ടെന്നുമാണ് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്. അയൽക്കാർ എന്ന നിലയിൽ ബംഗ്ലാദേശ്, ഇന്ത്യക്ക് വളരെ പ്രധാന്യമുള്ള രാജ്യമാണ്. ബംഗ്ലാദേശ് സൈന്യവുമായി നിലവിൽ സഹകരണം തുടരുന്നുണ്ടെന്നും എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ വന്നാലെ മറ്റ് ചർച്ചകൾക്ക് സാധ്യതയുള്ളൂ എന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി കൂട്ടിച്ചേർത്തു.

Related Articles

Latest Articles