വിലക്ക് ലംഘിച്ച് ധാക്കയിൽ വമ്പൻ റാലി നടത്തി 2009 ഒക്ടോബർ മുതൽ ബംഗ്ലാദേശിൽ നിരോധിക്കപ്പെട്ട തീവ്ര ഇസ്ലാമിക സംഘടനയായ ഹിസ്ബ് ഉത്-തഹ്‌രീർ. “മാർച്ച് ഫോർ ഖിലാഫ” എന്ന് പേരിട്ടിരിക്കുന്ന റാലി വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം ബൈത്തുൽ മുഖറം ദേശീയ പള്ളിയുടെ വടക്കേ കവാടത്തിൽ നിന്നാണ് ആരംഭിച്ചത്. ആയിരക്കണക്കിന് ഭീകരർ ഈ റാലിയിൽ പങ്കെടുത്തതായാണ് വിവരം.
പോലീസ് റാലി തടയാൻ ശ്രമിച്ചത് അക്രമാസക്തമായ സംഘർഷത്തിനും കാരണമായി. പോലീസ് കണ്ണീർ വാതകവും സൗണ്ട് ഗ്രനേഡുകളും ഉപയോഗിച്ചു. ഭീകരർ ആദ്യം ചിതറിയോടിയെങ്കിലും പിന്നീട് വീണ്ടും സംഘടിച്ച് മാർച്ച് തുടരാൻ ശ്രമിച്ചു.
എല്ലാ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളെയും ഒരൊറ്റ ഇസ്ലാമിക ഗവൺമെന്റിന് കീഴിൽ ഒന്നിപ്പിക്കുന്നതിനായി ഒരു ആഗോള ഇസ്ലാമിക ഖിലാഫത്ത് (ഖിലാഫത്ത്) സ്ഥാപിക്കണമെന്ന് വാദിക്കുന്ന തീവ്രവാദി സംഘടനയാണ് ഹിസ്ബു ഉത്-തഹ്‌രീർ. സംഘടന അഹിംസാത്മകമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് ബംഗ്ലാദേശ് 2009 ൽ സംഘടനയെ നിരോധിക്കുകയായിരുന്നു
ഭരണ വിരുദ്ധ കലാപത്തെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനെത്തുടർന്ന് ബംഗ്ലാദേശിലെ ഇസ്ലാമിക ഗ്രൂപ്പുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടെന്ന് ധാക്ക സർവകലാശാലയിലെ പബ്ലിക് അഡ്മിനിസ്ട്രേഷൻ വകുപ്പിലെ പ്രൊഫസർ നസ്മുൾ അഹ്സാൻ കലിമുള്ള അഭിപ്രായപ്പെട്ടു. നിരോധിത ഇസ്ലാമിക സംഘടനകൾ ഇപ്പോൾ പരസ്യമായി പത്രസമ്മേളനങ്ങൾ നടത്തുകയും സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് കലിമുള്ള പറഞ്ഞു.
170 ദശലക്ഷം ജനങ്ങളുള്ള ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്വസ്ഥതകൾ തുടരുന്നതിനിടെയാണ് ഹിസ്ബ് ഉത്-തഹ്‌രീർ റാലി നടക്കുന്നത്. സനോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഒരു ഇടക്കാല സർക്കാർ അധികാരമേറ്റതിനുശേഷം രാജ്യം അസ്ഥിരത നേരിടുകയാണ്.

