സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച് പാലായനം ചെയ്ത ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയേക്കും. രാജ്യത്തുണ്ടായ വിപ്ലവത്തെ ഹസീന അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നും ഇതിൽ പുതിയ ഒന്‍പത് കേസുകള്‍ കൂടി അവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും ബംഗ്ലാദശ് ഇന്ത്യയെ അറിയിച്ചു. യുദ്ധക്കുറ്റങ്ങളില്‍ നടപടി സ്വീകരിക്കാന്‍ ഷെയ്ഖ് ഹസീന മുൻകൈയെടുത്ത് രൂപം കൊടുത്ത ട്രിബ്യൂണലിൽ നിലവില്‍ അവർക്കെതിരെ അന്വേഷണം നടത്തുകയാണ്. ഹസീനയുടെ ഭരണം രാജ്യത്തിന്‍റെ പുരോഗതിയെ അടിച്ചമര്‍ത്തിയെന്ന ആക്ഷേപവും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ശക്തമാക്കിയിരിക്കുകയാണ്.
ഉത്തമവിശ്വാസത്തിലും, നീതിക്കുമായല്ല നടപടിയെന്ന് വിലയിരുത്തി ഇന്ത്യ ആവശ്യം തള്ളാനാണ് സാധ്യത. അതേസമയം അഭയം തേടി ഹസീന എത്രകാലം കൂടി ഇന്ത്യയില്‍ തുടരുമെന്നതിൽ അവ്യക്തത തുടരുകയാണ്. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ലഭിക്കുമെന്ന് കരുതിയെങ്കിലും ഷെയ്ഖ് ഹസീനയ്ക്ക് തല്ക്കാലം അഭയം നൽകാൻ സാധിക്കില്ലെന്ന് ബ്രിട്ടൻ നിലപാടെടുക്കുകയായിരുന്നു .

