തിരുവനന്തപുരം : വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കേരളത്തിൽ താമസിച്ചുവന്ന ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ. ബംഗ്ലാദേശിലെ ഖുൽന, ധാക്ക സ്വദേശിയായ ഗർമി പ്രണോബ് (29) എന്നയാളാണ് തിരുവനന്തപുരം ചക്കയിൽ വെച്ച് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിലിട്ടറി ഇന്റലിജൻസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ പേട്ട പോലീസിന് കൈമാറി.
വ്യാജരേഖകൾ ഉപയോഗിച്ച് 2024 മുതൽ കേരളത്തിൽ തങ്ങുകയായിരുന്ന ഗർമി പ്രണോബ് ചാക്ക Brahmos ൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഇയാളിൽ നിന്ന് വ്യാജമായി നിർമ്മിച്ച ഇന്ത്യൻ ആധാർ കാർഡും, ബംഗ്ലാദേശ് പാസ്പോർട്ടും, ബംഗ്ലാദേശിൽ നിന്നുള്ള കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി രാജ്യത്തേക്ക് കടന്ന ഇയാൾ വ്യാജ ആധാർ കാർഡ് ഉണ്ടാക്കി താമസിക്കാനുള്ള സാഹചര്യം ഒരുക്കിയവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇത്തരത്തിൽ വ്യാജരേഖകളുമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരക്കാർ തങ്ങുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് നടപടി. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അറസ്റ്റ് വലിയ പ്രാധാന്യമർഹിക്കുന്നു.
ഇയാളുടെ സാമ്പത്തിക ഇടപാടുകൾ, ഇയാൾക്ക് സഹായം നൽകിയവർ, ഇയാൾ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. കൂടുതൽ വിവരങ്ങൾക്കായി പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സുരക്ഷാ ഏജൻസികളായ രഹസ്യാന്വേഷണ വിഭാഗം, കേന്ദ്ര ഏജൻസികൾ എന്നിവർക്കും വിവരം കൈമാറിയിട്ടുണ്ട്. ഈ അറസ്റ്റ് സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നാണ് കരുതുന്നത്.

