ബാർ കോഴ വിവാദത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിൽ വെച്ചാണ് ക്രൈംബ്രാഞ്ച് അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്തത്. ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മന്ത്രി എം ബി രാജേഷിൻ്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അർജുൻ രാധാകൃഷ്ണനെ ചോദ്യം ചെയ്തത്. വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്‌സ്ആപ്പ്ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ പലതവണ അന്വേഷണത്തോട് സഹകരിക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഫോണിൽ ബന്ധപ്പെട്ടിട്ടും ചോദിച്ച വിവരങ്ങൾ നൽകാത്തതിനെ തുടർന്നാണ് അർജുനെ നേരിട്ട് ചോദ്യം ചെയ്തത്. വിവാദ ശബ്ദ സന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അർജുൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഇടുക്കിയിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടെന്നും എന്നാൽ ഈ നമ്പറിലെ പ്രൊഫൈൽ ചിത്രം മറ്റൊരാളുടേതാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. അർജുന്റെ ഭാര്യ പിതാവ് ബാർ ഉടമകളുടെ സംഘടനയിലെ അംഗവും വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മുൻ അഡ്മിനും ആയിരുന്നു. എന്നാൽ ബാറുമകളുടെ സംഘടനയുമായി ഒരു ബന്ധമില്ലെന്നും വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത് തന്റെ നമ്പർ അല്ലെന്നുമാണ് അർജുന്റെ വിശദീകരണം
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് അനിമോൻ ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ബാർ കോഴ വിവാദം ഉയർന്നു വന്നത്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റുമാണ് അനിമോൻ. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും അടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നായിരുന്നു അനിമോന്റെ ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇടുക്കിയിലെ ബാർ ഉടമകളുടെ ഗ്രൂപ്പിലാണ് സന്ദേശമിട്ടത്.
‘ഇലക്‌ഷൻ കഴിഞ്ഞാലുടൻ പുതിയ പോളിസി വരും. ഒന്നാം തീയതി ഡ്രൈഡേ എടുത്തുകളയും. സമയത്തിന്റെ കാര്യമൊക്കെയുണ്ട്. ഇതൊക്കെ ചെയ്തുതരണമെന്നുണ്ടെങ്കിൽ നമ്മൾ കൊടുക്കേണ്ട കാര്യങ്ങൾ കൊടുക്കണം. 2.5 ലക്ഷം രൂപവച്ചു കൊടുക്കാൻ പറ്റുന്നവർ അക്കാര്യം രണ്ടുദിവസത്തിനകം ഗ്രൂപ്പിലിടുക.’ എന്നായിരുന്നു ശബ്ദ സന്ദേശം. വിവാദമായതോടെ പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നുവെന്നാണ് അനിമോൻ നിലപാട് മാറ്റി.

