Tuesday, December 16, 2025

അടിസ്ഥാനരഹിതം !! അവഹേളനപരം !! രോഹിത് ശര്‍മയെ അപമാനിച്ചുള്ള കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ പരാമര്‍ശങ്ങളില്‍ ചുട്ടമറുപടിയുമായി ബിസിസിഐ.

ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അപമാനിച്ചുള്ള കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ചുട്ടമറുപടിയുമായി ബിസിസിഐ. ഷമയുടെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും അവഹേളനപരവുമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ തുറന്നടിച്ചു. ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുമ്പോള്‍ അവരെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങാനിരിക്കെ ക്യാപ്റ്റനെക്കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തിയത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയി. ഉത്തരവാദിത്വമുള്ള പദവിയില്‍ ഇരിക്കുന്നയാള്‍ നടത്തിയ ബാലിശമായ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. ഈ സമയം ടീമിനെ പിന്തുണയ്ക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ ഇതൊരിക്കലും അംഗീകരിക്കാനാനാവില്ല’, ദേവജിത് സൈകിയ പ്രതികരിച്ചു.

രോഹിത്ത് അമിതവണ്ണമുള്ളയാളാണെന്നും മികച്ച ക്യാപ്റ്റനൊന്നുമല്ലെന്നുമായിരുന്നു സമൂഹ മാദ്ധ്യമമായ എക്സിൽ ഷമ കുറിച്ചത്. ഇന്നലെ ന്യൂസീലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സിന് പുറത്തായതിന് പിന്നാലെയായിരുന്നു അവരുടെ പരാമര്‍ശം. വൈകാതെ ഷമയുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി. വിമര്‍ശനങ്ങള്‍ ശക്തമായതിനു പിന്നാലെ ഷമ മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

ഷമയുടെ പ്രതികരണത്തിനെതിരേ കോണ്‍ഗ്രസും രംഗത്തെത്തി. ഷമയോട് സോഷ്യല്‍ മീഡിയയിലെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് നീക്കംചെയ്യാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

Related Articles

Latest Articles