മുംബൈ കൊച്ചി ടസ്‌കേഴ്‌സിനെ വിലക്കിയ നടപടിയിൽ ബിസിസിഐയ്ക്ക് തിരിച്ചടി. കൊച്ചി ആസ്ഥാനമായി ഐപിഎല്ലിൽ കളിച്ചിരുന്ന മുന്‍ ഫ്രാഞ്ചൈസിയായ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് 538 കോടി രൂപ നല്‍കണമെന്ന ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവെച്ചു.ജസ്റ്റിസ് ആര്‍.ഐ.ചാഗ്‌ലയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ തീരുമാനം കോടതിക്ക് റദ്ദാക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ബിസിസിഐയുടെ കരാര്‍ റദ്ദാക്കല്‍ അന്യായമാണെന്ന് ആരോപിച്ച് ഫ്രഞ്ചൈസി 2012-ല്‍ ആര്‍ബിട്രല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. തുടർന്ന് 2015-ലാണ് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ ബിസിസിഐ പലിശയും ചെലവുകളും അടക്കം 538 കോടി രൂപ ഫ്രാഞ്ചസിക്ക് നല്‍കാന്‍ വിധിച്ചത്.
2011-ല്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ കൊച്ചി ടസ്‌കേഴ്‌സിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയത്. 2011 മാര്‍ച്ചോടെ ഫ്രാഞ്ചൈസി ഒരു ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന് കരാറില്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ കെസിപിഎല്‍ അതില്‍ പരാജയപ്പെട്ടു. സ്റ്റേഡിയത്തിന്റെ ലഭ്യത, ഓഹരി പങ്കാളിത്തത്തിനുള്ള അനുമതികള്‍, ഐപിഎല്‍ മത്സരങ്ങളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ കുറവ് എന്നിവ പരിഹരിക്കപ്പെടാത്തതാണ് ഗ്യാരന്റി നല്‍കുന്നതില്‍ പരാജയപ്പെട്ടതിന് പ്രധാന കാരണങ്ങളായി ഫ്രാഞ്ചൈസി ചൂണ്ടിക്കാട്ടിയത്.

