Sunday, December 14, 2025

എം ടി : ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലം – ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്

കൊൽക്കത്ത: ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലമായിരുന്നു എംടി വാസുദേവൻ നായർ എന്ന് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. കേരളീയ ജനജീവിതത്തിന്റെ അകവും പുറവും അക്ഷരങ്ങളിൽ പകർത്തി വായനക്കാരെ വിസ്മയിപ്പിച്ച കഥകളുടെ പെരുന്തച്ചനായിരുന്നു അദ്ദേഹം. വിജയിച്ചവരേക്കാൾ പരാജയപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമാണ് എംടിയുടെ ഏറ്റവും ശക്തരായ കഥാപാത്രങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എം.ടിയുടെ അന്ത്യം സംഭവിച്ചത്‌. രാത്രി പതിനൊന്നുമണിയോടെ അദ്ദേഹത്തിന്റെ സ്വന്തം വസതിയായ സിതാരയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നതുമുതല്‍ സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ അന്ത്യോപചാരങ്ങളര്‍പ്പിക്കാനായി ഒഴുകുകയായിരുന്നു. തന്റെ ഭൗതിക ശരീരംപൊതുദര്‍ശനത്തിന് വെച്ച് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, റോഡുകളില്‍ വാഹനഗതാഗതം തടസ്സപ്പെടരുത്, എന്ന് കര്‍ശനമായി പറഞ്ഞ എം.ടിയെ അവസാനമായി ഒരു നോക്കുകാണാന്‍ അദ്ദേഹത്തിന്റെ വീട് എക്കാലത്തയുമെന്നപോലെ സന്ദര്‍ശകര്‍ക്കായി തുറന്നുകിടന്നു. മാവൂര്‍റോഡിലെ പൊതുശ്മശാനം ‘സ്മൃതിപഥം’ എന്ന പേരിട്ട് പുതുക്കിപ്പണിത് ദിവസങ്ങളേ ആയിട്ടുള്ളൂ. സ്മൃതിപഥത്തിലേക്ക് ആദ്യത്തെ വിലാപയാത്ര എം.ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ളതാണ് എന്നത് കാലത്തിന്റെ നിയതി മാത്രം.

Related Articles

Latest Articles