ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റകരമായ നരഹത്യ ചുമത്തിയാണ് ബെംഗളൂരു കബ്ബന്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസെടുത്തത് കൂടാതെ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തുടങ്ങിയവര്‍ക്ക് നോട്ടീസയക്കുമെന്ന് ദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച ജില്ലാ മജിസ്‌ട്രേറ്റ് ജി.ജഗദീഷ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ജി.ജഗദീഷ ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡയത്തിലും തിക്കുംതിരക്കും ഉണ്ടായ കവാടങ്ങളിലും പരിശോധന നടത്തി. 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ മജിസ്‌ട്രേറ്റിനോട് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് ദൃശ്യങ്ങളും വിശകലനം ചെയ്യും. മരിച്ചവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും മൊഴി രേഖപ്പെടുത്തും.വിജയാഘോഷ വേളയില്‍ വിന്യസിച്ച പോലീസുകാരുടെ പട്ടിക തയ്യാറാക്കുകയും അവരോട് മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്ന് ജി.ജഗദീഷ വ്യക്തമാക്കി.

