മനുഷ്യൻ എന്നും ആകാംക്ഷയോടെ നോക്കി നോക്കിക്കാണുന്ന ഒരു വിഷയമാണ് അന്യഗ്രഹ ജീവികൾ. ഭൂമിയെപ്പോലെ ദശലക്ഷക്കണക്കിന് ഗ്രഹങ്ങള്‍ നമ്മുടെ ഗാലക്‌സിയില്‍ ഉണ്ടാകും. അവയില്‍ ചിലതിലെങ്കിലും ജീവന്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ജീവന്റെ സാന്നിധ്യം ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ മറ്റൊരിടത്തും കണ്ടെത്താൻ ശാസ്ത്ര പരിമിതികൾ മൂലം നമുക്ക് കഴിഞ്ഞിട്ടില്ല. അന്യഗ്രഹജീവികൾ ഉണ്ടെങ്കിൽ അവരിൽ ചിലത് നാം വിചാരിക്കുന്നതിലും ദുര്‍ബലരും ചിലര്‍ മനുഷ്യരേക്കാള്‍ എത്രയോ മടങ്ങ് ബുദ്ധിശക്തിയും സാങ്കേതിക വിദ്യയും ഉള്ളവരാകാനും സാധ്യതയുണ്ട്.
ലോകത്തിന്റെ പല ഭാഗങ്ങളിലും അന്യഗ്രഹ ജീവി സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും
അന്യഗ്രഹജീവികള്‍ ഭൂമിയില്‍ എന്ത് ഉദ്ദേശ്യത്തോടെയാണ് വരുന്നത് എന്നത് ഇപ്പോഴും ഒരു രഹസ്യമാണ്. അന്യഗ്രഹജീവികള്‍ എവിടെ നിന്നാണ് വരുന്നത്, എന്തിനാണ് വരുന്നത് എന്നതിന്റെ നിഗൂഢത ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അന്യഗ്രഹ ജീവി സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞതിന് അവ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നർത്ഥമില്ല. നിരവധിയാളുകൾ പറക്കും തളികകളെയും അന്യഗ്രഹ ജീവികളെയും കണ്ടിട്ടുണ്ട് എന്ന അവകാശ വാദത്തോടെ മുന്നോട്ട് വന്നിട്ടുണ്ട് എന്ന് മാത്രം. നിരവധി വീഡിയോ ഫൂട്ടേജുകൾ യൂട്യൂബിൽ തന്നെ ലഭ്യവുമാണ്. എന്നാൽ ഇവ ആധികാരികമല്ല എന്നു മാത്രം.
നമുക്കെല്ലാം അറിയുന്നതുപോലെ അന്യഗ്രഹജീവി സാന്നിധ്യം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അമേരിക്കയിലാണ്. അതിൽ ഏറെ പ്രശസ്തം അമേരിക്കയിലെ ലോസ് വേഗസിനടുത്ത് നേവാദ മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന ഏരിയ 51 എന്ന പ്രദേശമാണ്.പറക്കും തളികകളുടെയും ദുരൂഹതകളുടെയും പേരിൽ ഏറെ പ്രശ്‌സ്തമാണ് ഈ സ്ഥലം. ഒരുകാലത്ത് കഥകളിൽ മാത്രം കേട്ടിരുന്ന ഈ പ്രദേശം ഒരുമിത്ത് എന്ന നിലയിൽ മാത്രമായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ ഏരിയ ഫിഫ്റ്റി വൺ എന്ന ഈ സ്ഥലം യഥാർത്ഥത്തിൽ ഉണ്ടെന്നും അമേരിക്കൻ വ്യോമസേനയുടെ ഒരു ബേസ് ക്യാമ്പിന്റെ ഭാഗമാണിതെന്നും അമേരിക്കൻ ഗവൺമെന്റ് 2013ൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
1947ൽ ഒരു അജ്ഞാത വസ്തു ആകാശത്തുനിന്നും തകർന്നു വീണപ്പോൾ മുതലാണ് ഏരിയ 51 നെ കുറിച്ചുള്ള കഥകൾ പ്രചരിക്കുവാൻ ആരംഭിക്കുന്നത്. അമേരിക്കൻ ഗവൺമെന്റ് ശേഖരിച്ചു കൊണ്ടു പോയ അജ്ഞാത വസ്തുക്കളുടെ അവശിഷ്ടങ്ങൾ പിന്നീട് ഒരിക്കലും വെളിച്ചം കണ്ടില്ല. ആ വസ്തുക്കൾ എന്തായിരുന്നു എന്ന് ചോദ്യത്തിന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഉത്തരം നൽകാൻ അവർ തയ്യാറായിട്ടുമില്ല. പിന്നീട് രാത്രിയിൽ വട്ടമിട്ട് പറക്കുന്ന വിവിധ രൂപത്തിലുള്ള പേടകങ്ങളെ അവിടെ ആളുകൾ കാണുവാൻ തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. അതൊന്നും നിഷേധിക്കുവാൻ അമേരിക്കൻ ഗവൺമെന്റ് തയ്യാറാകാത്തതും ഏരിയ ഫിഫ്റ്റി വണ്ണിൽ ജോലി ചെയ്തിരുന്ന ചില ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളും കഥകളുടെ വിശ്വസനീയത ഉയരുവാൻ കാരണമായി. എങ്കിലും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭിക്കാത്തതിനാൽ ഇത്തരം സംഭവവങ്ങൾ കെട്ടു കഥകൾ മാത്രമായി ഒതുങ്ങി. ഇപ്പോൾ പറക്കും തളിക അല്ലെങ്കിൽ അജ്ഞാതമായ പറക്കുന്ന വസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗൺ.
ന്യൂയോർക്കിനു സമീപം അജ്ഞാതപേടകത്തിൽ ഇടിക്കുന്നതിൽ നിന്ന് യാത്രാവിമാനം ഒഴിവായിപ്പോയത് തലനാരിഴയ്ക്കാണെന്നാണ് പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ഈ അപടകത്തിനു ശേഷം വിമാനത്തിലെ ജീവനക്കാർ വിഷയം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനെ അറിയിച്ചു. എന്നാൽ ഇതിനുള്ള തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ഏതുവിമാനമാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന വിഷയവും അജ്ഞാതം.
അജ്ഞാതപേടകങ്ങളുൾപ്പെട്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന അമേരിക്കൻ ഏജൻസിയായ ഓൾ ഡൊമെയ്ൻ അനോമലി റെസല്യൂഷൻ ഓഫിസും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ആണവ, ഇൻഫ്രാസ്ട്രക്ചർ, ആയുധ, ലോഞ്ച് സൈറ്റുകൾക്കടുത്ത് 18 സമാന സംഭവങ്ങൾ നടന്നതായും ഏജൻസി വ്യക്തമാക്കി.
കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 20 സംഭവങ്ങൾ തങ്ങൾക്ക് വിശദീകരിക്കാൻ കഴിയില്ലെന്ന് പെന്റഗൺ വ്യക്തമാക്കിയിരുന്നു. പല സംഭവങ്ങളും ഭൗതികശാസ്ത്ര, എൻജിനീയറിങ് നിയമങ്ങൽക്കപ്പുറമാണെന്നും എന്നാൽ , ഇതിനു പിന്നിൽ അന്യഗ്രഹജീവികളാണ് എന്നതിന് യാതൊരു തെളിവുമില്ലെന്നും പെന്‌റഗൺ അറിയിച്ചു

