കൊല്ലം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ കുടുംബമിത്രം പദ്ധതി പ്രകാരമുള്ള സഹായവിതരണം ഇക്കഴിഞ്ഞ ബുധനാഴ്ച്ച കൊല്ലത്ത് വച്ച് നടന്നു. കൊല്ലം ജില്ലയിൽ സംഘത്തിന്റെ നെടുമ്പന യൂണിറ്റംഗമായ മരണപ്പെട്ട വ്യാപാരി എസ് വിജയൻറെ കുടുംബത്തിനുള്ള സഹായധനമാണ് കൊല്ലം ചിന്നക്കട ചെറുകിട വ്യാപാരി അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തത്. ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് എൻ അജിത്ത് കർത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മുതിർന്ന പ്രചാരക് എസ് സേതുമാധവനാണ് സഹായ നിധി വിതരണം ചെയ്തത്.
ചടങ്ങിൽ ആർ എസ്സ് എസ്സ് ദക്ഷിണ കേരളാ പ്രാന്ത പ്രചാരക് എസ്. സുദർശനൻ, ജനം ടി വി എം ഡി ചെങ്കൽ രാജശേഖരൻ, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, ബി എം എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശനൻ, സഹകാർ ഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി കെ രാജശേഖരൻ, ലഘു ഉദ്യോഗ ഭാരതി ദേശീയ സമിതിയംഗം എൻ കെ വിനോദ്, ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ രാധാകൃഷ്ണൻ, ഭാരത് കോഫീ ഹൗസ് എം ഡി ജയകുമാർ നെടുമ്പറത്ത് എന്നിവരും സന്നിഹിതരായിരുന്നു.
— Tatwamayi News (@TatwamayiNews) August 30, 2024
ഭാരതീയ വ്യാപാരി വ്യവസായി സംഘം കേരള ഘടകത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കുടുംബ ഭദ്രതാ പദ്ധതിയാണ് കുടുംബമിത്രം. ബി വി വി എസ് അംഗങ്ങളായ വ്യാപാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സ്ഥാപനത്തിലെ ജീവനക്കാർക്കും സംസ്ഥാന സമിതി നോമിനേറ്റ് ചെയ്യുന്ന വ്യക്തികൾക്കും ഈ പദ്ധതിയിൽ അംഗമാകാം. ഈ പദ്ധതിയിലെ അംഗങ്ങൾ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് 15 ലക്ഷം രൂപ വരെ ധനസഹായവും ചികിത്സാ സഹായവും നൽകുന്ന പദ്ധതിയാണ് കുടുംബമിത്രം.

