ദില്ലി : കോണ്‍ഗ്രസ് എം.പി. കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞ്, ഒഡിഷയില്‍നിന്നുള്ള ബി.ജെ.പി. എം.പി. ഭര്‍തൃഹരി മഹ്താബിനെ പ്രോടെം
സ്പീക്കറാക്കിയ നടപടിയില്‍ വിശദീകരണവുമായി പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. പ്രോടെം സ്പീക്കര്‍ സ്ഥാനം താത്കാലികമാണ്. സഭയുടെ നടത്തിപ്പില്‍ അവര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ മാത്രമേ അവരുടെ ചുമതലയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കൊടിക്കുന്നിലിനെ തഴഞ്ഞതില്‍ പ്രതിഷേധമറിയിച്ച പ്രതിപക്ഷത്തെ കിരണ്‍ റിജിജു വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഇങ്ങനെ സംസാരിക്കുന്നത് വലിയ അപമാനമാണ്. ഭര്‍തൃഹരി മഹ്താബിന്റെ പേര് അവര്‍ എതിര്‍ക്കുന്നു. പരാജയമറിയാതെ ഏഴുതവണ എം.പിയായ വ്യക്തിയാണ് ഭര്‍തൃഹരി. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത് കൊടിക്കുന്നിലിന്റെ പേരാണ്. അദ്ദേഹം ആകെ എട്ടുതവണ എം.പിയായി. എന്നാല്‍, 1998-ലും 2004-ലും അദ്ദേഹം പരാജയപ്പെട്ടു. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവര്‍ക്ക് മാത്രമേ തെറ്റുപറ്റിയെന്ന് തോന്നുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എട്ടുതവണ എം.പിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഏഴുതവണ എം.പിയായ ബി.ജെ.പിയുടെ ഭര്‍തൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചുവെന്ന് കഴിഞ്ഞദിവസമാണ് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചത്. ആറുതവണ ബി.ജെ.ഡി. ടിക്കറ്റില്‍ കട്ടക്കില്‍ ജയിച്ച ഭര്‍തൃഹരി, ഇത്തവണ ബി.ജെ.പി. സ്ഥാനാർത്ഥിയായാണ് ലോക്സഭയില്‍ എത്തിയത്.

