Saturday, December 13, 2025

കേരളത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് അടിത്തറയിട്ട സംഘ പ്രചാരകൻ; പ്രതികൂല ഘടകങ്ങളിലും സമൂഹത്തിൽ നിശബ്ദ വിപ്ലവം സൃഷ്‌ടിച്ച നവോത്ഥാന നായകൻ; ജന്മവാർഷിക ദിനത്തിൽ ഭാസ്‌കർ റാവു ജിയെ അനുസ്മരിച്ച് സ്വയംസേവകർ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘം എന്ന സംഘടന ചുരുങ്ങിയ കാലംകൊണ്ട് രാജ്യംമുഴുവൻ വ്യാപിച്ചതെങ്ങനെ എന്ന ചോദ്യത്തിനും എങ്ങനെയാണ് ഭാരതത്തിൽ ആർ എസ്സ് എസ്സിന് ഏറ്റവും കൂടുതൽ ശാഖയുള്ള സംസ്ഥാനമായി കേരളം മാറിയത് എന്ന ചോദ്യത്തിനും ഒരാളുടെ ജീവചരിത്രം പരിശോധിച്ചാൽ ഉത്തരമായി. ആർ എസ്സ് എസ്സിന് കേരളത്തിൽ ശക്തമായ അടിത്തറ നൽകിയ പ്രചാരകനായ ഭാസ്‌കർ റാവു ജി എന്ന് സ്വയംസേവകർ സ്നേഹാദരങ്ങളോടെ വിളിക്കുന്ന ഭാസ്‌കർ റാവു കളംബി എന്ന വലിയ മനുഷ്യനെ കുറിച്ചാണിത്. അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനമാണിന്ന്. മ്യാന്മറിൽ ജനിച്ച് പ്രതികൂല സാഹചര്യങ്ങൾ കാരണം കുടുംബാംഗങ്ങളോടൊപ്പം മുംബൈയിൽ എത്തിയ ഭാസ്‌കർ റാവു ആർ എസ്സ് എസ്സ് പ്രചാരകനാകുമ്പോൾ നിയോഗിക്കപ്പെട്ടതാകട്ടെ കേരളത്തിലേക്കും.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ അധീശത്വം, അതിന്റെ ജനാധിപത്യ വിരുദ്ധമായ പ്രവർത്തന ശൈലി, ഭാഷാപരമായ പ്രശ്നങ്ങൾ തുടങ്ങിയ പ്രതിബന്ധങ്ങളെ ചിട്ടയായ പ്രവർത്തനങ്ങൾകൊണ്ട് അതിജീവിച്ചുകൊണ്ടാണ് അദ്ദേഹം സംഘമെന്ന പുണ്യഗംഗയുടെ മഹാപ്രവാഹം കേരളത്തിൽ തീർത്തത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ തന്നെ കേരളം അഖിലേന്ത്യാ തലത്തിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള ഒരു സംസ്ഥാനമായി മാറിക്കഴിഞ്ഞു. ഭാഷ, സംസ്‌കാരം, ഭക്ഷണരീതി, രാഷ്ട്രീയ കാലാവസ്ഥ എന്നീ ഘടകങ്ങളോട് പൊരുതി അദ്ദേഹം കൈവരിച്ച സംഘടനാ വികാസം രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു. വെറും 20 ശാഖകളിൽ നിന്ന് കേരളത്തിൽ ആയിരക്കണക്കിന് ശാഖകൾ അദ്ദേഹം പടുത്തുയർത്തി. ആയിരക്കണക്കിന് കാര്യകർത്താക്കന്മാരും സ്വയംസേവകരും സംഘടനയിലേക്ക് ഒഴുകിയെത്തിയത് ഭാസ്‌കർ റാവുജിയുടെ പ്രഭാവംകൊണ്ടു മാത്രമാണ്.

അടിയന്തരാവസ്ഥക്കാലത്ത് സംഘത്തിനും പ്രവർത്തകർക്കും അദ്ദേഹം നൽകിയ മാർഗ്ഗനിർദ്ദേശം മികച്ചതായിരുന്നു. ആ നേതൃത്വത്തിലുള്ള പ്രവർത്തനം കമ്മ്യൂണിസ്റ്റ് നേതാക്കളെ പോലും അമ്പരപ്പിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ആർ എസ്സ് എസ്സിലേക്ക് പ്രവർത്തകരുടെ ഒഴുക്കുതന്നെയുണ്ടായിരുന്നു കേരളത്തിൽ. ഭാസ്‌കർ റാവു ജിയുടെ ലളിതമായ ജീവിതവും, സംഭാഷണ ശൈലിയുമെല്ലാം പ്രവർത്തകരെ വല്ലാതെ ആകർഷിച്ചിരുന്നു. 1982 അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എറണാകുളത്ത് നടന്ന വിശാല ഹിന്ദു സമ്മേളനം കേരള ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. 1983 ൽ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം കേരളത്തിന്റെ ചുമതലയിൽ നിന്ന് മാറിയെങ്കിലും മലയാളികളുടെ മനസ്സിൽ അദ്ദേഹം വലിയ സ്ഥാനം നേടിയിരുന്നു. മാരകമായ രോഗാവസ്ഥയിലും രാഷ്ട്രസേവനത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ഭാസ്‌കർ റാവു ജി 2002 ജനുവരി 12 നാണ് മരണത്തിന് കീഴടങ്ങിയത്.

Related Articles

Latest Articles