റോത്തക്ക്: തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഹരിയാനയിൽ കോൺഗ്രസ്സിനെ കടുത്ത പ്രതിസന്ധിയിലാക്കി മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ. പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും അശോക് തൻവറിനെ മാറ്റിയില്ലെങ്കിൽ എം എൽ എമാരുമായി പാർട്ടി വിടാനാണ് ഹൂഡയുടെ തീരുമാനം. ഹരിയാനയിൽ നിലവിൽ കോൺഗ്രസ്സിന് 16 എം എൽ എമാരാണ് ഉള്ളത്. ഇതിൽ 12 പേരും ഹൂഡക്കൊപ്പമാണെന്നാണ് സൂചന. ഇന്ന് നടക്കുന്ന പരിവർത്തൻ റാലിയിൽ തീരുമാനമുണ്ടാകാനാണ് സാദ്ധ്യത.
ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ നിലവിൽ ബിജെപിയാണ് ഭരണകക്ഷി. മനോഹർലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരം നിലനിർത്തുമെന്ന പ്രവചനങ്ങൾക്കിടെ മുതിർന്ന നേതാവായ ഹൂഡയുടെ നിലപാട് കോൺഗ്രസ്സിനെ തീർത്തും നിരാശമാക്കുന്നതാണ്.

