തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ വൻ എംഡിഎംഎ വേട്ട. തമ്പാനൂർ എസ് എസ് കോവിൽ റോഡിലെ ടാറ്റൂ കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 78.78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. സംഭവത്തിൽ ടാറ്റൂ സ്റ്റുഡിയോ ഉടമ രാജാജി നഗർ സ്വദേശി മജീന്ദ്രൻ, സഹായി പെരിങ്ങമ്മല സ്വദേശി ഷോൺ അജി എന്നിവർ പിടിയിലായി. പിന്നാലെ മജീന്ദ്രന്റെ വീട്ടിൽ നടത്തിയ പരിശോധനയിലും രാസലഹരി കണ്ടെടുത്തു. നേരത്തെ പോലീസിനെ ആക്രമിച്ചതുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണിയാൾ.
അടുത്തിടെയാണ് തമ്പാനൂരിലേക്ക് സ്ഥാപനം മാറ്റിയത്.തലസ്ഥാനത്ത് പലയിടങ്ങളിലും ഇവർക്ക് ഉപഭോക്താക്കളുണ്ടെന്നാണ് എക്സൈസ് സംഘം പറയുന്നത്. അറസ്റ്റിലായ ശേഷവും ലഹരിമരുന്ന് ആവശ്യപ്പെട്ട് പ്രതികളുടെ ഫോണിൽ നിരവധി കോളുകളാണ് എത്തിയത്. ബംഗളൂരുവിൽ നിന്നാണ് ഇവർ മയക്കുമരുന്ന് സംഘടിപ്പിച്ചിരുന്നതെന്നാണ് വിവരം.
ടാറ്റൂ ചെയ്യുമ്പോഴുണ്ടാകുന്ന വേദന ഒഴിവാക്കാനുള്ള ഉപാധി എന്ന രീതിയിലാണ് ടാറ്റു ചെയ്യാൻ വരുന്നവർക്ക് എംഡിഎംഎ നൽകുന്നത്. പതിയെ ഇവർ രാസലഹരിക്ക് ഇരകളാവും. സംസ്ഥാനത്തെ ടാറ്റൂ കേന്ദ്രങ്ങളിൽ പരിശോധന തുടരുമെന്നും എക്സൈസ് അറിയിച്ചു.

