Tuesday, December 16, 2025

വളപട്ടണത്തെ വൻ കവർച്ച ! പോലീസ് നായ മണംപിടിച്ചെത്തിയത് റെയില്‍വേ സ്റ്റേഷനിൽ ; മോഷ്ടാക്കൾ ട്രെയിൻ മാർഗം രക്ഷപ്പെട്ടതായി സംശയം

കണ്ണൂര്‍: വളപട്ടണത്ത് നടന്ന നാടിനെ നടുക്കിയ വൻ കവർച്ചയിൽ നിർണ്ണായക സൂചനകൾ ലഭിച്ചതായി അന്വേഷണ സംഘം. സ്ഥലത്തെത്തിയ പോലീസ് നായ വീട്ടില്‍ നിന്ന് മണംപിടിച്ച ശേഷം സമീപത്തെ റെയില്‍വേ ട്രാക്കിലേക്കും തുടര്‍ന്ന് വളപട്ടണം റെയില്‍വേ സ്റ്റേഷനിലേക്കും ഓടി. അതിനാല്‍തന്നെ മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്ക് ശേഷം റെയില്‍മാര്‍ഗം രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ സംശയം.

വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരിയായ കെ.പി. അഷ്‌റഫിന്റെ വീട്ടില്‍ നിന്നാണ് ഒരുകോടി രൂപയും 300 പവനോളം സ്വര്‍ണവും കവര്‍ന്നത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് നഷ്ടമായത്. ഇക്കഴിഞ്ഞ19-ാം തീയതി അഷ്‌റഫും കുടുംബവും വീട് പൂട്ടി മധുരയില്‍ ഒരു കല്യാണത്തിന് പോയതായിരുന്നു. ഞായറാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നതറിയുന്നത്. മൂന്ന് മോഷ്ടാക്കള്‍ മതില്‍ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില്ല് തകര്‍ത്താണ് ഇവര്‍ വീടിനകത്ത് കയറിയത്.

ആദ്യം വാതിലുകള്‍ തകര്‍ത്ത് അകത്തുകയറാനാണ് മോഷ്ടാക്കൾ ശ്രമിച്ചതെങ്കിലും ഇത് പരാജയപ്പെട്ടതോടെ അടുക്കള ഭാഗത്തെ ജനല്‍ ലക്ഷ്യമിടുകയായിരുന്നു. ജനലിന്റെ ഗ്രില്ല് തകര്‍ത്ത് വീടിനകത്തുകടന്ന സംഘം ലോക്കര്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്കാണ് പോയത്. വീടും പരിസരവും കൃത്യമായി മനസിലാക്കിയവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വന്‍കവര്‍ച്ചയുടെ വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Latest Articles