Tuesday, December 16, 2025

നിലമ്പൂർ സ്വരാജ്യമാക്കി ആര്യാടൻ ഷൗക്കത്ത്; എൽ ഡി എഫ് കോട്ടകളായ മൂന്നുപഞ്ചായത്തുകളിൽ ഇത്തവണ ഒപ്പം നിന്നത് കരുളായി മാത്രം; സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലും ദയനീയമായി പരാജയപ്പെട്ട് എം സ്വരാജ്

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കി യു ഡി എഫിന്റെ ആര്യാടൻ ഷൗക്കത്ത്. പ്രതീക്ഷകളെ കടത്തിവെട്ടി 11432 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ വിജയം. ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടുകൾ പോൾ ചെയ്ത തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് 76493 വോട്ട് നേടി. എൽ ഡി എഫ് സ്ഥാനാർത്ഥി 65061 വോട്ടുകൾ നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി വി അൻവറിന് 19946 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് 8706 വോട്ടുകൾ നേടി. ത്രികോണ മത്സരം സൃഷ്ടിച്ച് മണ്ഡലത്തിൽ ശ്രദ്ധേയ സാന്നിധ്യമാകുമെന്ന് കരുതിയ മുൻ എം എൽ എ പി വി അൻവറിന് പക്ഷെ പ്രതീക്ഷിച്ചതുപോലെ തിളങ്ങാനായില്ല.

എൽ ഡി എഫ് സ്വാധീനമേഖലകളിലേക്കും കടന്നുകയറിയാണ് ആര്യാടൻ ഷൗക്കത്തിന്റെ ജയം. പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും സിപിഎം സ്വാധീന മേഖലകളായിരുന്നു. ഈ മേഖലകളിൽ കരുത്തുകാട്ടുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിൽ കരുളായി മാത്രമാണ് എൽ ഡി എഫിനൊപ്പം നിന്നത്. ഇവിടെയും 118 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് എൽ ഡി എഫിനുള്ളത്. എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലും യു ഡി എഫ് ലീഡ് ചെയ്‌തത്‌ എൽ ഡി എഫ് ക്യാമ്പിനെ ഞെട്ടിച്ചു.

വഴിക്കടവിൽ 1829, മൂത്തേടം പഞ്ചായത്തിൽ 2067, എടക്കര പഞ്ചായത്തിൽ 1170, പോത്തുകൽ പഞ്ചായത്തിൽ 307, ചുങ്കത്തറ പഞ്ചായത്തിൽ 1287, അമരമ്പലം പഞ്ചായത്തിൽ 704 എന്നിങ്ങനെയായിരുന്നു പഞ്ചായത്തുകളിൽ യു ഡി എഫിന്റെ ലീഡ്, കരുളായി പഞ്ചായത്തിൽ 118 വോട്ടിന് എൽ ഡി എഫ് ലീഡ് ചെയ്തു. നിലമ്പൂർ നഗരസഭയിൽ 3967 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് യു ഡി എഫ് നേടിയത്. പിണറായി സർക്കാരിനോടുള്ള വെറുപ്പാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് യു ഡി എഫ് വിലയിരുത്തൽ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പോടെ പിണറായി സർക്കാർ കെയർ ടേക്കർ സർക്കാരായി മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു.

Related Articles

Latest Articles