പാറ്റ്‌ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നവംബറിൽ നടക്കാൻ സാധ്യത. ദുർഗാപൂജയ്ക്കും ദസറയ്ക്കും ശേഷം ഒക്ടോബർ ആദ്യവാരത്തിലോ രണ്ടാം വാരത്തിന്റെ തുടക്കത്തിലോ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്ന്ര തെഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വോട്ടർ പട്ടികയിൽ വരുത്തിയ തീവ്രമായ പരിഷ്കരണങ്ങൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പിനുള്ള വഴി തെളിഞ്ഞത്. നവംബറിൽ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഛഠ്പൂജയ്ക്ക് ശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുക. നവംബർ 15-നും 20-നും ഇടയിൽ വോട്ടെണ്ണൽ നടക്കുമെന്നാണ് സൂചന. നവംബർ 22-ന് മുമ്പായി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപി, ജെഡിയു, എൽജെപി എന്നിവരടങ്ങുന്ന എൻഡിഎ സഖ്യം ഒരുങ്ങുമ്പോൾ, ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവരുൾപ്പെടുന്ന ഇന്ത്യ സഖ്യം ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ നിലവിൽ എൻഡിഎക്ക് 131 എംഎൽഎമാരാണുള്ളത്. ഇതിൽ ബിജെപിക്ക് 80, ജെഡിയുവിന് 45, എച്ച്എഎം (എസ്)-ന് 4 എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുമുണ്ട്. പ്രതിപക്ഷ സഖ്യത്തിൽ 111 എംഎൽഎമാരുണ്ട്. ആർജെഡി (77), കോൺഗ്രസ് (19), സിപിഐ(എംഎൽ) (11), സിപിഐ(എം) (2), സിപിഐ (2) എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ കക്ഷിനില.

