ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുക. നവംബർ ആറിനാണ് ആദ്യ ഘട്ടം. പതിനൊന്നിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. നവംബർ 14നാണ് വോട്ടെണ്ണൽ. ആദ്യഘട്ടത്തിൽ 121 മണ്ഡലങ്ങളും 122 മണ്ഡലങ്ങള്‍ രണ്ടാം ഘട്ടത്തിലും പോളിംഗ് ബൂത്തിലെത്തും.
വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ ഇനിയും കമ്മീഷനെ സമീപിക്കാം എന്ന് കമ്മീഷന്‍ വ്യക്തമാക്കി. ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 90,712 പോളിംഗ് സ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും. കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
വോട്ടര്‍പട്ടിക സമഗ്ര പരിഷ്‌കരണം (എസ്‌ഐആര്‍) പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. ഒരു ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം 1200ല്‍ കൂടില്ല, വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം കളറിലാക്കും. സ്ഥാനാര്‍ഥികളെ വേഗം തിരിച്ചറിയാനാണിത്. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ബിഹാറിലാണ് ആദ്യമായി നടപ്പാക്കുന്നത്. പിന്നീട് ഇത് രാജ്യവ്യാപകമാക്കും.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎയില്‍ ജെഡിയുവും ബിജെപിയുമാണ് പ്രധാന പാര്‍ട്ടികള്‍. തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന ആര്‍ജെഡിയാണ് ഇൻഡി മുന്നണിയിലെ പ്രധാന പാര്‍ട്ടി. കോണ്‍ഗ്രസാണ് മുന്നണിയെ മറ്റൊരു പ്രധാന കക്ഷി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും ബിഹാറില്‍ കന്നിയങ്കത്തിനിറങ്ങും.

