കൊച്ചി : വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയം ഇനി കൊല്ലം അഞ്ചൽ സ്വദേശിയായ 13 വയസ്സുകാരി ആവണിയിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ന് പുലർച്ചെയോടെ പൂർത്തിയായി. അവയവദാനത്തിലൂടെ ആറ് പേർക്ക് കൂടിയാണ് ബിൽജിത്ത് പുതുജീവിതം നൽകിയത്. മരണം കൊണ്ട് പോലും ബിൽജിത്ത് മനുഷ്യത്വത്തിന്റെ ഉത്തമ ഉദാഹരണമായി മാറിയെന്ന് ഡോക്ടർമാർ പറഞ്ഞു.
ഹൃദയം ചുരുങ്ങുന്ന ‘കാർഡിയാക് മയോപ്പതി’ എന്ന അപൂർവ്വ രോഗം സ്ഥിരീകരിച്ചതോടെയാണ് ആവണിയുടെ ജീവിതം പ്രതിസന്ധിയിലായത്. മത്സ്യത്തൊഴിലാളിയായ അച്ഛന്റെ തുച്ഛമായ വരുമാനത്തിൽ ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടായിരുന്നു. തിരുവനന്തപുര ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. ഹൃദയം നിലച്ചുപോകാനുള്ള സാഹചര്യമുണ്ടെന്നും അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയയാക്കണമെന്നും ഡോക്ടര്‍മാർ നിര്‍ദേശിക്കുകയും ചെയ്തു, നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ ആവണിയുടെ വീട്ടിലേക്ക് നിർണ്ണായകമായ ആ ഫോൺ കോൾ എത്തുന്നത്. കുട്ടിയുടെ ബ്ലഡ് ഗ്രൂപ്പുമായി യോജിക്കുന്ന ഹൃദയം ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തണമെന്നും അറിയിച്ചുകൊണ്ടായിരുന്നു ആ കോൾ.
ബിൽജിത്തിന്റെ ഹൃദയം ആവണിക്ക് നൽകാൻ കുടുംബാംഗങ്ങൾ സമ്മതം അറിയിച്ചിരുന്നു.തുടർന്ന് പരിശോധനകൾ ആരംഭിക്കുകയും, ആവണിക്ക് ഹൃദയം സ്വീകരിക്കാൻ ശരീരം പൂർണ്ണമായും സജ്ജമാണെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തുകയും ചെയ്തു. കുട്ടിയെ എയര്‍ ആംബുലന്‍സില്‍ എത്തിക്കാനുള്ള ശ്രമം കൊല്ലം എംപിയുടെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ എയര്‍ ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്ന് എംപി ക്വാട്ടയില്‍ വന്ദേഭാരത് എക്സ്പ്രസിലാണ് കുട്ടിയെ കൊച്ചിയിലെത്തിച്ചത്.
രാത്രി 12.45-ഓടെ ബിൽജിത്തിന്റെ ഹൃദയം പ്രത്യേക വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ പുലർച്ചെ 1.25-ന് ആരംഭിച്ച ശസ്ത്രക്രിയ 3.30-ഓടെ വിജയകരമായി പൂർത്തിയാക്കി. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

