ബെംഗളുരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യുന്നതിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ഇതേത്തുടർന്ന് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. ബെംഗളുരു വിക്ടോറിയ ആശുപത്രിയിലേക്കാണ് ബിനീഷിനെ മാറ്റിയത്.
തുടർച്ചയായി നാലാം ദിനമാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. നാല് മണിയോടെയാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്വയം നടന്നാണ് ബിനീഷ് കാറില്‍ കയറിയത്. ഇഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ബിനീഷിന് മറ്റ് പ്രശ്‌നങ്ങളുള്ളതായി അറിവില്ല. രാവിലെ ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇഡി ഓഫിസിൽ എത്തിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയർത്തു സംസാരിച്ചത് വിവാദമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് തവണ ചോദ്യം ചെയ്ത ശേഷമാണ് ഇഡി ബിനീഷിന്റെ അറസ്റ്റിലേക്ക് നീങ്ങിയത്. അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കി. കള്ളപ്പണം വെളുപ്പിച്ചു. തുടങ്ങിയ ആരോപണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉന്നയിക്കുന്നത്. അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബെനാമിയാണെന്നാണ് ഇഡിയുടെ ആരോപണം. അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വന്‍ തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും ഇ.ഡി ആരോപിക്കുന്നു. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. ബി കാപിറ്റൽ ഫോറക്സ്, ബി കാപിറ്റൽ സർവീസ് എന്നീ കമ്പനികളെക്കുറിച്ചാണ് അന്വേഷണം. ഈ കമ്പനികളിൽ സാധാരണ ഇടപാടുകൾ നടന്നിട്ടില്ലെന്നതാണ് കാരണം.

