ആലപ്പുഴ: ബിപിൻ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ഇരുവരെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിര്‍ദ്ദേശം ചെയ്തു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സിപിഎം ബന്ധം ഉപേക്ഷിച്ച മധു മുലശ്ശേരിയും മകൻ മിഥു മുല്ലശ്ശേരിയം ബിജെപി അംഗത്വം സ്വീകരിച്ചത്.
സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗമായിരുന്ന അഡ്വ. ബിപിൻ സി ബാബു ഇക്കഴിഞ്ഞ നവംബര്‍ 30നാണ് ബിജെപിയിൽ ചേര്‍ന്നത്. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിട്ടത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്.
ചില മാലിന്യങ്ങൾ പോകുമ്പോൾ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്നായിരുന്നു ബിപിന്‍റെ ബിജെപി പ്രവേശനത്തെക്കുറിച്ച് കെ സുരേന്ദ്രൻ പ്രതികരിച്ചത്. ആലപ്പുഴയിൽ കൂടുതൽ സിപിഎം നേതാക്കൾ ബിജെപിയിൽ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

