കേരളത്തിൽ നിന്നും യുവാക്കള്‍ വിദേശത്തേക്ക് കുടിയേറുന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനം നടത്തി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം വിമർശനം ഉന്നയിച്ചത്.
“ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാനാകില്ലെന്ന തോന്നല്‍ പലരിമുണ്ട്. യുവാക്കള്‍ക്ക് ഇവിടെ ജീവിച്ച് ജോലിചെയ്യാന്‍ കഴിയണം. സിറോ മലബാര്‍ സഭയില്‍നിന്ന് മാത്രമല്ല, പല സഭകളില്‍നിന്നും യുവാക്കള്‍ പുറത്തേക്ക് പോകുന്നു. അതിനു മാറ്റം വരുത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയണം”- മുഖ്യമന്ത്രിയെ വേദിയിലിരുത്തി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
എന്നാല്‍, ലോകം മാറ്റത്തിന് വിധേയമാണെന്ന ന്യായം നിരത്തി വിമർശനത്തെ പ്രതിരോധിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം.
“യുവാക്കള്‍ പുറത്തേക്ക് പോകുന്നത് ഒരു പ്രതിഭാസമാണ്. പഴയ കാലമല്ലിത്. വളര്‍ന്ന് വരുന്ന യുവ തലമുറയ്ക്ക് എന്ത് പഠിക്കണം എവിടെ പഠിക്കണമെന്ന നല്ല ബോധ്യമുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എല്ലാം ഒറ്റദിവസംകൊണ്ട് മാറ്റിയെടുക്കാനാകില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട. മറ്റു രാജ്യങ്ങളില്‍ നിന്ന് കുട്ടികള്‍ ഇവിടെ വന്ന് പഠിക്കുന്ന രീതിയുണ്ടാകും” – മുഖ്യമന്ത്രി പറഞ്ഞു.
പിന്നാലെ ബിഷപ്പിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. കുട്ടികള്‍ വിദേശത്തേയ്ക്ക് പോകുന്നത് ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നും പ്രായമായവരുടെ നാടായി കേരളം മാറുന്നുവെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല അപകടകരമായ അവസ്ഥയിലേക്ക് പോകുകയാനിന്നും ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതാണെന്നും ആവശ്യപ്പെട്ടു.

