തിരുവനന്തപുരം: ബിജെപി കേരള ഘടകത്തിന്റെ പരമപ്രധാന ലക്ഷ്യം വികസിത കേരളമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ സ്ഥാപന ദിനാഘോഷ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ച് കേരളത്തിൽ ഇടതുവലത് മുന്നണികളുടെ ദുർഭരണം അവസാനിപ്പിക്കണം. 1980 ൽ സ്ഥാപിതമായ ബിജെപി കഴിഞ്ഞ 45 വർഷംകൊണ്ട് ഇന്ത്യയിൽ വരുത്തിയ മാറ്റം കേരളത്തിലും കൊണ്ടുവരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ അദ്ദേഹം പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി സ്ഥാപന ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ പാർട്ടിയുടെ ആദ്യ സംസ്ഥാന അദ്ധ്യക്ഷൻ ഒ രാജഗോപാൽ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അദ്ധ്യക്ഷന്മാരായ കരമന ജയൻ, മുക്കമ്പാലമൂട് ബിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ എല്ലാ ജില്ലാ ഓഫീസുകളിലും ഹെൽപ്പ് ഡെസ്‌ക്കുകൾ സജ്ജീകരിക്കുന്ന പദ്ധതിയായ വികസിത കേരളം ബിജെപി ഹെൽപ്പ് ഡെസ്‌ക് ഇന്ന് ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിനായിരിക്കും ഹെൽപ്പ് ഡെസ്‌ക്കുകളുടെ ചുമതല. കേന്ദ്രം കേരളത്തിന്റെ വികസനത്തിനായി അനുവദിക്കുന്ന കോടിക്കണക്കിന് രൂപ സംസ്ഥാനം വിനിയോഗിക്കുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തി. സമൂഹത്തിന്റെ നാനാ തുറകളിൽ പ്രവർത്തിക്കുന്ന വിവിധ വ്യക്തിത്വങ്ങൾ സ്ഥാപന ദിനത്തോടനുബന്ധിച്ച് സംസ്ഥാന അദ്ധ്യക്ഷനിൽ നിന്ന് പാർട്ടി അംഗത്വം ഏറ്റുവാങ്ങി.

