ഭാരതത്തിന്റെ ഭരണ ചക്രം ആര് ഭരിക്കണമെന്ന ജനവിധി പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. 240 സീറ്റുകൾ നേടി ബിജെപി രാജ്യത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസം ബിജെപിക്ക് ഉണ്ടായിരുന്നു എന്നത് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. ഭരണ വിരുദ്ധ വികാരം എന്ന വമ്പൻ വെല്ലുവിളിയെ മുന്നിൽ നിൽക്കെയായിരുന്നു ഈ ആത്മവിശ്വാസം എന്നത് കൂടി പരിഗണിക്കപ്പെടേണ്ടതാണ്.
മാറ്റം എന്നത് എന്നും മനുഷ്യന്റെ മാനസികമായ ആവശ്യമാണ്. ലഭിക്കുന്നത് എത്ര നല്ലതാണെങ്കിലും കുറച്ച് കഴിഞ്ഞാൽ അവൻ മറ്റൊന്ന് ആഗ്രഹിക്കും. വീട്ടിൽ ലഭിക്കുന്ന ഭക്ഷണം എത്ര നല്ലതാണെങ്കിലും അവൻ ഹോട്ടൽ ഭക്ഷണം തേടി പോകും. അത് ഒരിക്കലും വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം നല്ലതല്ലാത്തതുകൊണ്ടോ ആരോഗ്യകരമല്ലാത്തതു കൊണ്ടോ അല്ല. ഈ സൈക്കോളജിയാണ് മറ്റൊരു തരത്തിൽ ഭരണ വിരുദ്ധത എന്ന് പറയാം. അങ്ങനെ ഒരു തരംഗത്തിനെ അതി ജീവിച്ച് ബിജെപി നേടിയ ഉയർന്ന സീറ്റ് നില എന്നത് കഴിഞ്ഞ പത്ത് വർഷം രാജ്യത്ത് നടപ്പിലാക്കിയ വികസന പദ്ധതികളുടെ അംഗീകാരമാണ്.
കേരളത്തിൽ ഇത്തവണ ചരിത്രപരമായ വിജയം നേടിയെടുക്കാനും പാർട്ടിക്ക് ഇത്തവണ സാധിച്ചു. തൃശൂരിൽ നിന്ന് സുരേഷ് ഗോപി ലോക്സഭയിലെത്തുന്നത് മുക്കാൽ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ബിജെപി കേരളത്തിൽ തുറക്കുന്നത് അക്കൗണ്ട് ആണെങ്കിൽ അതൊരു ബാങ്ക് അക്കൗണ്ട് ആയിരിക്കുമെന്ന് പരിഹസിച്ച കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് വീഴ്ത്തിയായിരുന്നു സുരേഷ് ഗോപിയുടെ ആധികാരിക ജയം. മറ്റൊരിടത്തും താമര വിരിയിക്കാൻ സാധിച്ചില്ലെങ്കിലും തോറ്റ ബിജെപി സ്ഥാനാർത്ഥികൾ യഥാർത്ഥത്തിൽ തോറ്റവരാണോ എന്ന ചോദ്യം പ്രസക്തമാണ്. കാരണം പല മണ്ഡലങ്ങളിലും വോട്ട് വിഹിതത്തിൽ വമ്പൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ചില നിയോജക മണ്ഡലങ്ങളിൽ ഒന്നാമതെത്താനും പാർട്ടിക്ക് സാധിച്ചു.
ആറ്റിങ്ങലിൽ 2019ൽ ശോഭാ സുരേന്ദ്രൻ നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ വി മുരളീധരന് നേടാനായി. ശോഭാ സുരേന്ദ്രൻ 2,48,081 വോട്ടുകളാണ് നേടിയതെങ്കിൽ മുരളീധരന് ഇത്തവണ 3,11,459 ആയി ഉയർത്താനായി. ശക്തമായ ത്രികോണ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ അടൂർ പ്രകാശിന് ലഭിച്ച വോട്ടുകളെക്കാൾ 16,394 വോട്ടുകൾക്ക് മാത്രം പിന്നിലാണ് വി മുരളീധരൻ ഫിനിഷ് ചെയ്തത്.
അവസാന നിമിഷം വരെ കനത്ത മത്സരം നൽകിയാണ് രാജീവ് ചന്ദ്രശേഖർ ശശി തരൂരിനോട് പരാജയപ്പെടുന്നത്. 16,077 വോട്ടുകൾക്കായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാജയം. ശശി തരൂരിന് 3,58,155 വോട്ടുകളും രാജീവിന് 3,42,078 വോട്ടുകളുമാണ് ലഭിച്ചത്. 2019ല്‍ കുമ്മനം രാജശേഖരൻ 3,16,142 വോട്ടുകളാണ് നേടിയത്.
മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ആലപ്പുഴയിൽ എൻഡിഎ വോട്ടുവിഹിതം കുത്തനെ ഉയർത്താൻ ശോഭാ സുരേന്ദ്രനായി. 2,99,648 വോട്ടുകളാണ് ശോഭ നേടിയത്. 28.37 ശതമാനം വോട്ടുകളാണ് ശോഭ നേടിയിട്ടുള്ളത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി നേടിയത് 17.24 ശതമാനം വോട്ടാണെങ്കിൽ ഇത്തവണ 11.13 ശതമാനം വോട്ട് അധികമാണ് ശോഭ സുരേന്ദ്രൻ നേടിയിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപി വോട്ട് ശതമാനത്തിൽ ഏറ്റവും കൂടുതൽ വർധന നേടിയ മണ്ഡലം കൂടിയാണ് ആലപ്പു (10.15 ). ആലപ്പുഴയിൽ എൻഡിഎയുടെ വോട്ട് കഴിഞ്ഞ തവണത്തേക്കാൾ 1.07 ലക്ഷം വർധിച്ചു. 40,000 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള എ എം ആരിഫും ശോഭാ സുരേന്ദ്രനും തമ്മിലുള്ളത്.
നേമം,കഴക്കൂട്ടം,വട്ടിയൂർക്കാവ്,ആറ്റിങ്ങൽ,കാട്ടാക്കട,തൃശ്ശൂർ,ഒല്ലൂർ,നാട്ടിക,ഇരിങ്ങാലക്കുട,പുതുക്കാട്,മണലൂർ നിയോജക മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും തിരുവനന്തപുരം,കോവളം,നെയ്യാറ്റിൻകര,ഹരിപ്പാട്,കായംകുളം,പാലക്കാട്,മഞ്ചേശ്വരം,കാസർഗോഡ് നിയോജക മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും ബിജെപി എത്തി. തെരഞ്ഞെടുപ്പുകളിലെ മൂന്നാം സ്ഥാനത്തിന്റെ സ്ഥിരാവകാശികൾ എന്ന ലേബലിൽ നിന്നും ബിജെപി ഉയർത്തപ്പെട്ടു എന്നതിന്റെ കൃത്യമായ നേർക്കാഴ്ചയാണിത്. ക്ഷേമ പെൻഷൻ മുടങ്ങുന്നതിന് കാരണം കേന്ദ്രസർക്കാരാണ് എന്ന കടുത്ത ദുർപ്രചരണം നടന്നിട്ടും ബിജെപിക്ക് ലഭിച്ച ഉയർന്ന വോട്ട് വിഹിതം ചൂണ്ടിക്കാട്ടുന്നതും ഇത് തന്നെയാണ്.
കേരളത്തില്‍ നേടിയ വിജയം ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ ഒരു വര്ഷം കൊണ്ടോ ഉണ്ടാക്കിയതല്ല . തലമുറകള്‍ ആയി നമ്മള്‍ എല്ലാവരും ശ്രമിച്ചതിന്‍റെ ഫലമാണ് എന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ന്യൂനപക്ഷ പ്രീണനം ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന പലരെയും കേരളം തിരിച്ചറിഞ്ഞു എന്ന വലിയ തിരിച്ചറിവ് നൽകിയ തെരഞ്ഞെടുപ്പ് കാലമാണ് കടന്നു പോകുന്നത്.

