Sunday, December 21, 2025

ബിജെപി ഇന്ത്യയെ പിന്നോട്ടടിയ്‌ക്കുന്നു പോലും, പറയുന്നതാര്?

പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ്. നിരവധി വാദപ്രതിവാദങ്ങൾക്കും പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്കരണങ്ങൾക്കുമൊടുവിൽ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ദേശീയ തലസ്ഥാനത്ത് ആഘോഷപൂർവ്വം നടന്നു. ഇത് വെറും ഒരു കെട്ടിടമല്ല, 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകമാണെന്നാണ് പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എന്നാൽ ഉദ്ഘാടന ചടങ്ങിനെയും ചെങ്കോലിനെയും പുതിയ പാർലമെന്റ് മന്ദിരത്തെയും ഉൾപ്പെടെ ക്രൂശിക്കുകയും ബിജെപി ഇന്ത്യയെ പിന്നോട്ട് നയിക്കുകയണെന്ന് വിമർശിക്കുകയും ചെയ്യുന്ന കേരളത്തിലെ ഇടതുവലത് പാർട്ടികൾക്ക് ചുട്ട മറുപടി പറഞ്ഞിരിക്കുകയാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. ഫേസ്ബുക്കിലൂടെയാണ് കമ്മികളെയും കൊങ്ങികളെയും ശ്യാം രാജ് വാരിയലാക്കിയിരിക്കുന്നത്.

ബിജെപി ഇന്ത്യയെ പിന്നോട്ടടിക്കുന്നു എന്ന് പറയുന്നത് അര നൂറ്റാണ്ടോളം ഈ രാജ്യം ഭരിച്ച്, ഇന്ത്യയെ കുഴിയിൽ നിന്നും പടുകുഴിയിലേക്ക് ചവിട്ടിത്താഴ്‌ത്തിയ കോൺഗ്രസ് പാർട്ടിയും, കഴിഞ്ഞ നൂറ്റാണ്ടിലെഴുതിയ ഒരു പുസ്തകം മാത്രമാണ് ശരിയെന്ന് വിശ്വസിച്ച് മുഴുവൻ വികസനത്തേയുമെതിർത്ത കമ്യൂണിസ്റ്റ് സെമറ്റിക് പാർട്ടിയും എന്ന് പറഞ്ഞുകൊണ്ടാണ് ശ്യാം രാജ് തന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. ബാങ്കുകളെ ഓരോ ഇന്ത്യക്കാരന്റെയും വിരൽ തുമ്പുകളിലെത്തിച്ചത്, ഈ BJP സർക്കാരാണ്. ദുർഗന്ധം വമിയ്‌ക്കുന്ന, മനുഷ്യവിസർജനം പേറുന്ന റെയിൽവേ ട്രാക്കുകൾ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമായിട്ട് വെറും 9 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്ന് ഓർക്കണം. കരിപിടിച്ച, കിതച്ചു നീങ്ങുന്ന ട്രെയിനുകൾക്ക് പകരം ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന 100% ഇന്ത്യയിൽ നിർമിച്ച അത്യാധുനിക വന്ദേ ഭാരത് ട്രെയിനുകൾ മലയാളികളായ നമ്മളും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു എന്നും ശ്യാം രാജ് പറയുന്നു.

അതേസമയം, ജമ്മുവിനേയും കശ്മീരിനേയും തമ്മിൽ ബന്ധിപ്പിയ്‌ക്കാൻ മഞ്ഞു കാലമായാൽ സഞ്ചാര യോഗ്യമല്ലാത്ത ജമ്മു -ശ്രീനഗർ ദേശീയപാത മാത്രമാണുണ്ടായിരുന്നത്. ഇന്ന് ബിജെപി സർക്കാർ ഛനാബ് നദിയ്‌ക്ക് കുറുകേ ഈഫലിനെക്കാൾ പൊക്കത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം നിർമിച്ച് കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേയ്‌ക്ക് കൂടുതൽ ചേർത്തു നിർത്താൻ പോകുകയാണ്. ഒരിക്കൽ നമ്മെ അടക്കി ഭരിച്ച ബ്രിട്ടണെ പിന്തള്ളി നാമിന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായും മാറി. കൂടാതെ പണ്ട് കാലത്ത് ആയുധങ്ങൾക്ക് വേണ്ടി നാം വിദേശ രാജ്യങ്ങളുടെ ദയ കാത്തു നിന്നിട്ടുണ്ടെങ്കിൽ ഇന്ന് നാം സ്വയം ആയുധങ്ങളും വാഹനങ്ങളും നിർമ്മിയ്‌ക്കാൻ പര്യാപ്തമായിരിക്കുന്നു. പ്രചണ്ഡ് ഹെലികോപ്ടറുകൾ അതിനൊരു ഉദാഹരണം മാത്രമാണ്. അരിക്കൊമ്പനെ പിടിച്ചു കൊണ്ടു പോയ റോഡ് കണ്ട് പുളകം കൊണ്ട ഇടത് മന്ത്രിമാരും കുബുദ്ധി ജീവികളുമെല്ലാം പിന്നീടാണ് അത് NH- 85 ആണെന്ന് മനസിലാക്കിയത് എന്നും ശ്യാം രാജ് പരിഹസിക്കുന്നു. നിരവധിപേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.

Related Articles

Latest Articles