Saturday, December 13, 2025

മധ്യപ്രദേശിന്റെ “മഹേഷ് ” ! ആറ് വർഷത്തിന് ശേഷം ഷൂ ധരിച്ച് “പ്രതികാരം” നടത്തി ബിജെപി നേതാവ്; ചൗഹാൻ പങ്കുവച്ച വീഡിയോ വൈറൽ

ഭോപ്പാല്‍ : ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ 2016 ലെ മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നാണ്. ഫഹദ് ഫാസിൽ അവതരിപ്പിച്ച മഹേഷ് എന്ന കഥാപാത്രം തന്നെ നടുറോഡിലിട്ട് തല്ലിയവനെ തിരികെ തല്ലിയതിന് ശേഷം മാത്രമേ ചെരിപ്പ് ധരിക്കൂ എന്ന് ശപഥമെടുക്കുകയും അത് പാലിക്കുകയും ചെയ്തു. ഇപ്പോഴിതാ, അതുപോലെ ശപഥമെടുത്ത ഒരാള്‍ തന്റെ വാക്ക് പാലിച്ചുകൊണ്ട് ആറ് വര്‍ഷത്തിന് ശേഷം ഷൂ ധരിച്ചിരിക്കുകയാണ്. സംഭവം നടന്നത് കേരളത്തിലല്ല അങ്ങ് മധ്യപ്രദേശിലാണ്. സംഭവം തല്ല് കേസല്ല തികച്ചും രാഷ്ട്രീയം മാത്രമാണ്.

ബിജെപിയുടെ അനൂപ് പുര്‍ ജില്ലാ അദ്ധ്യക്ഷന്‍ രാംദാസ് പുരിയാണ് മധ്യപ്രദേശില്‍ ബിജെപി. അധികാരത്തിലെത്തിയാല്‍ മാത്രമേ താന്‍ ഇനി ഷൂ ധരിക്കൂ എന്ന് 2017-ൽ ശപഥമെടുത്തത്. എന്നാല്‍ 2018-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടുകയും കമല്‍നാഥ് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. എന്നാല്‍ 2020-ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തിയെങ്കിലും രാംദാസ് അന്ന് ഷൂ ധരിക്കാന്‍ തയ്യാറായില്ല. ആറ് വര്‍ഷമായി വേനലിനേയും, ശൈത്യത്തെയും നഗ്നപാദനായാണ് രാംദാസ് നേരിട്ടത്

കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയില്‍ 163 സീറ്റുകളും നേടി ബിജെപി ഭരണത്തുടർച്ച നേടി. ഇതോടെയാണ് ഷൂ ധരിക്കാന്‍ രാംദാസ് പുരി തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിലാണ് രാംദാസ് വീണ്ടും ഷൂ ധരിച്ചത്. ശിവരാജ് സിങ് ചൗഹാന്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ്.

Related Articles

Latest Articles