ദില്ലി : ബിജെപി വ്യത്യസ്തതയുള്ള പാർട്ടിയാണെന്നും അതുകൊണ്ടാണ് വോട്ടർമാരുടെ വിശ്വാസം ആവർത്തിച്ച് നേടിയതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോൺഗ്രസ് ചെയ്ത തെറ്റുകൾ ബിജെപി ആവർത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസ് ചെയ്തിരുന്നത് നമ്മൾ തുടരുകയാണെങ്കിൽ, അവരുടെ പരാജയവും നമ്മുടെ വിജയവും കൊണ്ട് പ്രയോജനമില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.
മുൻകാലങ്ങളിൽ കോൺഗ്രസ് ചെയ്ത തെറ്റുകൾ കാരണമാണ് അവർക്ക് അധികാരം നഷ്ടമായത്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ബിജെപി ശ്രദ്ധിക്കണം. ഗോവയിൽ ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.
ബിജെപി മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണെന്ന മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയുടെ പ്രസ്താവന ഓർമ്മപ്പെടുത്തിയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് സാമൂഹിക, സാമ്പത്തിക പരിഷ്കാരം കൊണ്ടുവരാനുള്ള ഉപകരണമാണ് രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

