ദില്ലി : കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് ഉണ്ടായതായി ആരോപിക്കുന്ന അഴിമതി കണക്കുകളുമായി ബിജെപിയുടെ മിനി സീരീസ്. ‘കോണ്‍ഗ്രസ് ഫയല്‍സ്’ എന്ന പേരിലുള്ള മിനി സീരിസിന്റെ ആദ്യ എപ്പിസോഡ് ബി.ജെ.പി, തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചു . രാജ്യത്ത് കോണ്‍ഗ്രസ് ഭരണകാലത്ത് ഉണ്ടായ അഴിമതികളും കുംഭകോണങ്ങളും മിനി സീരീസിലൂടെ വെളിച്ചത്തുകൊണ്ടു വരുമെന്നാണ് ബിജെപിയുടെ അവകാശവാദം
70 കൊല്ലം ദൈർഖ്യമുള്ള ഭരണത്തിനിടെ പൊതു ജനങ്ങളില്‍ നിന്ന് 4.82 ലക്ഷം കോടിയിലേറെ രൂപയാണ് കോണ്‍ഗ്രസ് കൊള്ളയടിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. ഈ പണം രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമായി ഫലപ്രദമായി ഉപയോഗിക്കാമായിരുന്നെന്നും വീഡിയോയിൽ പറയുന്നുണ്ട്.
24 ഐഎന്‍എസ് വിക്രാന്ത്, 300 റഫേല്‍ ജെറ്റ് വിമാനങ്ങള്‍, 1000 മംഗള്‍യാന്‍ ദൗത്യങ്ങള്‍ എന്നിങ്ങനെ ഈ പണം കൊണ്ട് ചെയ്യാമായിരുന്ന കാര്യങ്ങളും വീഡിയോയിൽ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നടത്തിയ അഴിമതി രാജ്യപുരോഗതിയെ പിന്നിലാക്കിയെന്നും ജനങ്ങൾക്ക് ദുരിതം അനുഭവിക്കേണ്ടി വന്നെന്നും മൂന്ന് മിനിറ്റ് നീളുന്ന വീഡിയോയിൽ ആരോപിക്കുന്നു.
2004 മുതല്‍ 2014 വരെയുള്ള പത്ത് കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തെ ‘പാഴായ പതിറ്റാണ്ട്’ എന്നാണ് വീഡിയോയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ആ കാലഘട്ടത്തിൽ പ്രധാനമന്ത്രി പദവിയിലുണ്ടായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിനേയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് .

