കൊല്ലം: തേവലക്കര സ്കൂളിൽവച്ച് വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച പതിമൂന്നുകാരൻ മിഥുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മിഥുൻ പഠിച്ച സ്കൂളിൽ പൊതുദർശനത്തിന് വച്ചശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ആയിരങ്ങൾ ഒത്തുകൂടിയപ്പോൾ തേവലക്കര സ്കൂളിലെ പൊതുദർശനം മണിക്കൂറുകൾ നീണ്ടു. കുവൈറ്റിൽ ജോലിചെയ്യുന്ന മിഥുന്റെ അമ്മ ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. കൊല്ലത്തേക്കുള്ള യാത്രയിലാണവർ. തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ നിന്നുള്ള വിലാപയാത്രയിൽ നിരവധിപേരാണ് പങ്കെടുത്തത്. ജനപ്രതിനിധികളും അദ്ധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും പൊതുദർശനത്തിലും വിലാപയാത്രയിലും പങ്കെടുത്തു. സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.
ഫുട്ബോൾ ടീമിൽ അംഗമാകാനും എൻ സി സിയിൽ ചേർന്ന് ഭാവിയിൽ സൈനികനാകാനുമായിരുന്നു മിഥുന്റെ ആഗ്രഹമെന്ന് സഹപാഠികളും അദ്ധ്യാപകരും വ്യക്തമാക്കുന്നു. ഫുട്ബോൾ ടീമും എൻ സി സി യൂണിറ്റുമുള്ള ഈ സ്കൂൾ അതുകൊണ്ടാണ് മിഥുൻ തെരഞ്ഞെടുത്തത്. നാല് മാസം മുമ്പാണ് സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനായി അമ്മ വിദേശത്ത് ജോലിക്ക് പോയത്. കുവൈറ്റിൽ വീട്ടുജോലിക്കാണ് മിഥുന്റെ അമ്മ പോയിരുന്നത്. അപകടം നടക്കുമ്പോൾ ജോലി ചെയ്യുന്ന കുടുംബത്തോടൊപ്പം അവർ തുർക്കിയിലെ യാത്രയിലായിരുന്നു. അവിടെനിന്നാണ് കൊല്ലത്തേക്ക് ഇന്ന് രാവിലെ നെടുമ്പാശ്ശേരിയിലെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് മിഥുന് ഷോക്കേറ്റത്. സൈക്കിൾ ഷെഡിനു മുകളിൽ കുടുങ്ങിയ ചെരുപ്പ് വീണ്ടെടുക്കാനായി മുകളിൽ കയറിയ മിഥുന് താഴ്ന്നു കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റത്. അദ്ധ്യാപകർ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്‌ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂൾ അധികൃതരുടെയും കെ എസ് ഇ ബി അധികൃതരുടെയും അനാസ്ഥയാണ് അപകടമുണ്ടാക്കിയെതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്കൂൾ കെട്ടിടത്തിൽ നിന്നും വൈദ്യുതി ലൈനിന് ഉണ്ടായിരിക്കേണ്ട അകലം തേവലക്കരയിൽ ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

