പെരുമ്പാവൂർ : കാഞ്ഞിരക്കാട് മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം. അന്യസംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന വീടിൻ്റെ മുറ്റത്തോടു ചേർന്നുള്ള മാലിന്യക്കൂമ്പാരത്തിലാണ് പൊക്കിൾക്കൊടി പോലും വേർപെടുത്താത്ത നിലയിൽ പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെന്ന് സംശയിക്കുന്ന കൊൽക്കത്ത സ്വദേശികളായ ദമ്പതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ദമ്പതികൾ വീട് പൂട്ടി പോയ നിലയിലാണ്. ഇവർക്ക് രണ്ട് കുട്ടികൾ കൂടി ഉണ്ടായിരുന്നു.
ശാസ്ത്രീയപരമായ തെളിവുകൾ ശേഖരിക്കുന്നതിനായി ഫൊറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, കുഞ്ഞിൻ്റെ മരണം സംബന്ധിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. പ്രസവിച്ച ശേഷം കുഞ്ഞിനെ കൊന്നതാണോ പ്രസവാനന്തരം കുഞ്ഞ് മരിച്ചതാണോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
സംഭവം നടന്ന സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ഒളിവിൽപോയ ദമ്പതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

