പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
അതേ സമയം പൊട്ടിയത് ബോംബല്ല പടക്കമാണെന്നാണ് പ്രവർത്തകർ പറയുന്നത്. കനാൽ കരയിലെ കോൺഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുൾപ്പെടെ നിരവിധി കേസുകളിൽ പ്രതിയാണ് വിപിൻ രാജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു 5 കിലോമീറ്റർ അകലെയാണ് സ്ഫോടനം.
പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കെ പിണറായിയിൽ സ്ഫോടനമുണ്ടായത് കൂടുതൽ ആശങ്കയുണ്ടാക്കുകയാണ്. യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കഴിഞ്ഞ ദിവസം കുന്നോത്തുപറമ്പിൽ സിപിഎം സ്തൂപം തകർത്തിരുന്നു. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കൊലവിളി പോസ്റ്റുകൾ വരാൻ തുടങ്ങി. കയ്യിൽ ബോംബ് പിടിച്ചിരിക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പാനൂർ, കുന്നോത്ത് പറമ്പ് പ്രദേശങ്ങളുടെ സമീപത്തുള്ള സ്ഥലമാണ് പിണറായി. പൊലീസ് കർശന പരിശോധന നടത്തുന്നുണ്ടെങ്കിലും സംഘർഷ സാധ്യതയ്ക്ക് അയവു വന്നിട്ടില്ല.

