വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത 17 വയസുകാരൻ കുറ്റം സമ്മതിച്ചു. സുഹൃത്തിനോടുള്ള പക വീട്ടാനാണ് സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്നാണ് പതിനേഴുകാരന്റെ മൊഴി.
ബോംബ് ഭീഷണിയെത്തുടർന്ന് തിങ്കളാഴ്ച രണ്ട് വിമാനങ്ങൾ വൈകുകയും ഒരു വിമാനത്തിന്റെ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു. വിമാനങ്ങൾക്കുള്ള വ്യാജബോംബ് ഭീഷണി ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം വ്യോമയാനമന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. എന്നാൽ മറ്റു വിമാനങ്ങൾക്കുള്ള ഭീഷണി സന്ദേശം എങ്ങനെ വന്നു എന്ന് വ്യക്തമായിട്ടില്ല. ഇന്ന് ആകാശ് എയർലൈൻസ് , ഇൻഡിഗോ വിമാനങ്ങൾക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായി.
വിമാനങ്ങൾക്ക് നേരെ തുടർച്ചയായി വരുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്നിരുന്നു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. വ്യോമയാന മന്ത്രാലയത്തിലെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ വിമാന കമ്പനികളുടെ വിമാനങ്ങൾക്ക് നേരെ കഴിഞ്ഞ 12 ഭീഷണി സന്ദേശങ്ങളാണ് 48 മണിക്കൂറിനിടെ വന്നത്.

