ധാക്ക: പ്രതിഷേധജ്വാലകളാൽ കലുഷിതമായിരിക്കുന്ന സാഹചര്യത്തിൽ മണിക്ഗഞ്ച് അതിർത്തിയിൽ 600-ലധികം ബംഗ്ലാദേശ് പൗരന്മാരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാരിൻ്റെ തലവനായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് അതിർത്തി സുരക്ഷാ സേന നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്. ബിഎസ്എഫിൻ്റെ നോർത്ത് ബംഗാൾ ഫ്രോണ്ടിയർ യൂണിറ്റ് നുഴഞ്ഞുകയറ്റക്കാരെ തടഞ്ഞ് തിരിച്ചയച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നുഴഞ്ഞുകയറ്റ ശ്രമം നടന്നതിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിലവിൽ പാരിസിലുള്ള മുഹമ്മദ് യൂനുസ് ഇന്ന് ബംഗ്ലാദേശിലെത്തും. 2.10ന് ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മുഹമ്മദ് യൂനുസ് എത്തുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാത്രി എട്ട് മണിയോടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുന്നത്. 15 അംഗങ്ങൾ സർക്കാരിന്റെ ഉപദേശക സമിതിയിൽ ഉണ്ടാകും. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇടക്കാല സർക്കാരിനെ നയിക്കാൻ മുഹമ്മദ് യൂനുസ് തിരിച്ചെത്തുന്നത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞ്, രാജ്യത്ത് നിന്ന് പലായനം ചെയ്തതിന് പിന്നാലെയാണ് മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിനെ നയിക്കാനായി തിരഞ്ഞെടുത്തത്.

