Friday, December 12, 2025

ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്ന് മുൻ ഭാര്യയെ കൊലപ്പെടുത്തി ബോസ്നിയൻ ബോഡി ബിൽഡർ ; കൊലപാതകം തത്സമയം കണ്ടത് 12,000 ത്തിലധികം പേർ ; കൊലപാതകത്തെ പിന്തുണച്ച് കമന്റ് ചെയ്തവരെ കാത്തിരിക്കുന്നത് പോലീസിന്റെ മുട്ടൻ പണി

സറയേവോ : സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ ലൈവിൽ വന്ന ശേഷം ബോസ്നിയൻ ബോഡിബില്‍‍ഡർ മുന്‍ ഭാര്യയെ വെടിവച്ചുകൊന്നു. ഫിറ്റ്നസ് ട്രെയിനർ കൂടിയായ നെർമിന്‍ സുലെമാനോവിച്ചാണ് മുൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ബോസ്നിയയിലെ ഗ്രഡാകാസ് നഗരത്തിലാണ് സംഭവം. താൻ ലൈവായി വധശിക്ഷ നടപ്പാക്കുകയാണെന്ന് ഇയാൾ വീഡിയോയിലുടനീളം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ക്രൂരമായി മർദനമേറ്റ മുൻ ഭാര്യയെയും വീഡിയോയുടെ തുടക്കത്തിൽ കാണാനാകും.

ലൈവ് ആരംഭിക്കുന്നതിന് മുന്നേ ഇയാൾ യുവതിയെ മർദിച്ച് അവശയാക്കിയതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞുങ്ങളുടെ കരച്ചിലും കേൾക്കാം. ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമിൽ നിന്ന് പിന്നീട് നീക്കം ചെയ്തു. മയക്കുമരുന്ന് കടത്തിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ് എന്നാണ് ലഭിക്കുന്ന വിവരം. 12,000 ത്തിലധികം പേരാണ് ക്രൂരമായ കൊലപാതകത്തിന്റെ വിഡിയോ ലൈവായി കണ്ടത്.

കൊലപാതകശേഷം നഗരത്തിലെ ചിലരെ കൂടി ഇയാൾ ആക്രമിച്ചു. ഇതോടെ ആളുകൾ ഇയാളെ പിടികൂടുവാൻ ശ്രമിക്കുകയും ഇതിനിടെ ഇയാൾ സ്വയം വെടിയുതിർത്തു ജീവനൊടുക്കുകയും ചെയ്തു. ഇയാൾ പങ്കുവച്ച വീഡിയോയിൽ ഇയാളെ പിന്തുണച്ച് ഒത്തിരിയാളുകൾ കമന്റ് ചെയ്തിരുന്നു. ഇവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പു നൽകി.

Related Articles

Latest Articles